പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മാനസിക ആരോഗ്യ നില ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച പ്രത്യേക മെഡിക്കൽ ബോർഡാണ് പരിശോധന നടത്തുക.
ബോർഡ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. കോടതിയിൽ നൽകും മുമ്പ് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് ബോർഡിന്റെ അധ്യക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം. ജനറൽ ആശുപത്രിയിലെ തന്നെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്