പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് അപേക്ഷ നൽകിയത്
ജാമ്യാപേക്ഷയെ വിജിലൻസ് ശക്തമായി എതിർക്കും. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് ആവശ്യപ്പെടും. എന്നാൽ കസ്റ്റഡി അനുവദിക്കാതിരിക്കാനുള്ള ശക്തമായ വാദം തന്നെ പ്രതിയുടെ അഭിഭാഷകർ നടത്തിയേക്കും. ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്
ഇന്നലെ ജഡ്ജി ആശുപത്രിയിൽ നേരിട്ടെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്തത്. അറസ്റ്റ് ഭയന്ന ഇബ്രാഹിംകുഞ്ഞ് ചൊവ്വാഴ്ച രാത്രിയോടെയാണ് ലേക്ക് ഷോർ ആശുപത്രിയിൽ പോയി അഡ്മിറ്റായത്. ചൊവ്വാഴ്ച പകൽ വരെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. വിജിലൻസ് നീക്കം ചോർന്നതോടെയാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിജിലൻസ് ആശുപത്രി മുറിയിൽ കയറി മുസ്ലീം ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ഇബ്രാഹിംകുഞ്ഞിനെ ഉടൻ ഡിസ്ചാർജ് ചെയ്യാനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ചു ദിവസം കൂടി ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ തുടരാനാണ് സാധ്യത.