കെ റെയില്‍ പദ്ധതി; 88 കിലോമീറ്ററില്‍ ആകാശപാത, 1383 ഹെക്ടര്‍ ഭൂമി വേണ്ടിവരും: മുഖ്യമന്ത്രി

 

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയതിൽ പാടശേഖരങ്ങൾക്ക് മുകളിലൂടെ 88 കിലോമീറ്റർ പാത നിർമിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. പഠനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് സർക്കാർ വീണ്ടും അടിവരയിടുകയാണ്.

അതേസമയം കെ റെയിൽ അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. പരിസ്ഥിതിക്ക് വലിയ ആഘാതവും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുമുണ്ടാകുമെന്നാണ് യുഡിഎഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്. പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.