കൈതപ്പൊയില്‍ ലിസ കോളേജില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് നിലകളിലായി 160 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. 250 കിടക്കകള്‍ ഒരുക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സെന്ററില്‍ എത്തിക്കഴിഞ്ഞു. മൂന്ന് വീതം ഡോക്ടര്‍മാര്‍ നഴ്സുമാര്‍, നാല് ശുചീകരണ ജീവനക്കാര്‍ തുടങ്ങിയവരെയും നിയമിച്ചു.
താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. എ. എന്‍ സഹദേവനാണ് സെന്ററിന്റെ നോഡല്‍ ഓഫീസര്‍. ഇദ്ദേഹത്തിന്റ നേതൃത്വത്തിലാണ് സെന്ററിന്റെ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഈ ആഴ്ച തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന തരത്തില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സെന്ററിലെ ശുചീകരണ ജോലിയടുക്കുന്നവര്ക്ക് ബുധനാഴ്ച താമരശേരി താലൂക്ക് ആശുപത്രിയില്‍ പരിശീലനം നല്‍കും. വിവിധ കൂട്ടായമകള്‍, സ്കൂള്‍ മാനേജ്മെന്റ്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് സെന്ററിലേക്കുള്ള സാധനങ്ങള്‍ സംഭാവന ചെയ്തത്. കൂടാതെ ജില്ലാ ഭരണകൂടവും ആവശ്യസാധനങ്ങള്‍ നല്‍കിയിട്ടുണ്ട.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര് രാകേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് എം ഇ ജലീല്‍, നോഡല്‍ ഓഫീസര്‍ ഡോ. എ. എന്‍ സഹദേവന്, പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ്കുമാര്‍, പി.ആര്.ഒ ആമിനക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.