മുസ്ലിം ലീഗിൽ പൊട്ടിത്തെറി: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്

 

മുസ്ലിം ലീഗ് നേതാവ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീൻ അലി തങ്ങൾ. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിൽ ഹൈദരലി തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിക്കാൻ കരണം കുഞ്ഞാലിക്കുട്ടിയാണെന്നും മുസ്ലീം ലീഗിന്റെ ഫണ്ട് കഴിഞ്ഞ 40 വർഷമായി കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീൻ അലി പരസ്യമായി തുറന്നുപറഞ്ഞു

ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മൊയീൻ അലി തുറന്നടിച്ചത്. ചന്ദ്രികയിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങൾക്കും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞുമാണ്. ചന്ദ്രികയിലെ പ്രശ്‌നങ്ങളെ തുടർന്ന് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണെന്നും മൊയീൻ അലി പറഞ്ഞു.

ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ ഷമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നതുപോലും കണ്ടിട്ടില്ല. കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചതെന്നും മൊയീൻ അലി പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ മൊയീൻ അലിക്കെതിരെ കുഞ്ഞാലിക്കുട്ടി അനുയായികൾ പ്രതിഷേധവുമായി എത്തിയതോടെ വാർത്താ സമ്മേളനം ഇടയ്ക്ക് വെച്ച് നിർത്തേണ്ടതായും വന്നു.