നെയ്യാറ്റിൻകരയിൽ ഒഴപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ സംഭവ സ്ഥലത്തെത്തുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. അമ്പിളിയുടെ മൃതദേഹം ഉടൻ സംസ്കരിക്കും.
അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞിരുന്നു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മൂന്ന് മണിക്കൂറോളം പ്രതിഷേധം തുടർന്നു. വൈകിട്ടോടെ കളക്ടർ നവജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. നാട്ടുകാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ കളക്ടർ അംഗീകരിച്ചതോടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.