കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി കര്‍ഷക നേതാവ് ബാല്‍ജീത് സിങ് മഹല്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് മൂന്നിന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കര്‍ഷക സംഘടകളുടെ ഇടയില്‍ സമ്മിശ്ര പ്രതികരണം ഉയര്‍ന്നിരുന്നു. ഏകോപന സമിതി അംഗങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയാകാം എന്നായിരുന്നു ആദ്യം ഒരുവിഭാഗം സ്വീകരിച്ച നിലപാട്. എന്നാല്‍ മറ്റൊരു വിഭാഗം, ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവസരം പാഴാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കര്‍ഷകര്‍ എത്തിയത് എന്നാണ് സൂചന.