മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍.
മധുരയിലെ ‘ടെമ്പിള്‍ സിറ്റി’ എന്ന റസ്റ്റോറന്‍റില്‍ നിന്നാണ് മാസ്ക് പെറോട്ടയുടെ ജനനം. ടെമ്പിള്‍ സിറ്റിയുടെ കീഴില്‍ നിരവധി റസ്റ്റോറന്‍റുകള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കോവിഡ് ബോധവത്ക്കരണം തന്നെയാണ് മാസ്ക് പൊറോട്ട കൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍ കൂടിയപ്പോള്‍ 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മൈദ, ഡാല്‍ഡ, യീസ്റ്റ്, മുട്ട, പഞ്ചസാര തുടങ്ങിയ പതിവ് ചേരുവകള്‍ തന്നെയാണ് മാസ്ക് പെറോട്ടക്കും ഉപയോഗിക്കുന്നത്. കുഴക്കുന്നതിലും പരത്തുന്നതിലുമാണ് പ്രാധാന്യം. പല തരത്തിലുള്ള മാസ്ക് പെറോട്ടകള്‍ സതീഷ് ഉണ്ടാക്കാറുണ്ട്. മഹാമാരിയുടെ സമയത്ത് പെറോട്ടയിലൂടെ ബോധവത്ക്കരണം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സതീഷ് പറയുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികളുടെ താരമായി മാറിയിട്ടുണ്ട് മാസ്ക് പെറോട്ട.