സുൽത്താൻ ബത്തേരി: പഞ്ചസാര ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ ഹാൻസ് മുത്തങ്ങയിൽ പിടികൂടി. ഒരാൾ പിടിയിൽ. താമരശേരി സ്വദേശിയായ റഫീഖ്(46) ആണ് പിടിയിലായത്. നഞ്ചൻകോട് നിന്നും കോഴിക്കോടേക്ക് കൊണ്ടു പോകുകയായിരുന്ന ഹാൻസാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. പഞ്ചസാര ചാക്കുകൾക്കിടയിൽ 10 ചാക്കുകളിലായി സൂക്ഷിച്ച 15000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ പി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ മാരായ എം. ബി ഹരിദാസൻ, കെ.കെ അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്, അമൽദേവ് പി.ജി എന്നിവർ ചേർന്നാണ് ഹാൻസ് പിടികൂടിയത്. കേസിലെ പ്രതിയെയും ഹാൻസും വാഹനവും സുൽത്താൻ ബത്തേരി പോലീസിനെ എൽപ്പിച്ചു.