മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
മഹീന്ദ്ര മാർഷൽ ജീപ്പിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ.
ഇന്ന് ഉച്ചയോടെയാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ഗുണ്ടൽപേട്ടയിൽ നിന്നും മഞ്ചേരിക്ക് കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് പരിശോധനയിൽ അധികൃതർ പിടികൂടിയത്.സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ യാസർ (35), റഹീം (31) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മഹീന്ദ്ര മാർഷൽ ജീപ്പിൻ്റെ മുകൾത്തട്ടിൽ നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. പിടിച്ചെടുത്ത ഹാൻസിന് ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത ഉത്പ്പന്നങ്ങളും ആളുകളെയും വാഹനവും പൊലീസിന് കൈ മാറി. ഇന്ന് രണ്ടാം തവണയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
ജുനൈദ്, ഇൻസ്പെക്ടർ ഹരീഷ് കുമാർ , പി ഇ ഒ മാരായ ടിപി അനീഷ് , പി പി ശിവൻ, സി ഇ ഒമാരായ ബിനുമോൻ, അഭിലാഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്
പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
രാവിലെ പാർസൽ ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപ വരുന്ന 315 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.