Headlines

യുദ്ധം യൂറോപ്പിലേക്കും വ്യാപിക്കുമെന്ന് ഇറാൻ, ട്രംപിന് നിർണായക ചൊവ്വാഴ്ച; ഖത്തർ ചർച്ചയിൽ ഇടിഞ്ഞ് എണ്ണവില, പുതിയ കുതിപ്പിൽ സ്വർണം

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത കൂട്ടി ഹോർമുസിൽ രണ്ട് കപ്പലുകൾ‍ക്ക് നേരെ ആക്രമണം. വിലക്ക് ലംഘിച്ചെത്തിയ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തകർന്നെന്ന് ഇറാൻ. ഇന്നലെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി കപ്പലിനു നേരെയും ആക്രമണമുണ്ടായിരുന്നു. നാളെ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇറാനെ ആക്രമിക്കാൻ യുഎസ്‌‌-ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണിത്.

ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ശനിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ചർച്ച നടത്തിയെന്നും വിവരമുണ്ട്. ചർച്ച നടത്തിയത് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിനു പകരം നയതന്ത്ര മാർഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന നിലപാടിലാണ് ട്രംപ്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും ചർച്ചകൾ തുടരുന്നുമുണ്ട്. ഇതോടെ ക്രൂഡോയിൽ വില കുറഞ്ഞു. സ്വർണത്തിന് തിരിച്ചു കയറ്റം. ഓഹരി വിപണികളിലും ആവേശമായേക്കും.

യുദ്ധം യൂറോപ്പിലേക്കും
ഇസ്രയേൽ-യുഎസ് ആക്രമണമുണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇനിയൊരു ആക്രമണമുണ്ടായാൽ ഇറാനിയൻ മിസൈലുകൾ യൂറോപ്പിലേക്ക് എത്തുമെന്ന് മുൻ വിദേശകാര്യമന്ത്രി മനോച്ചർ മുത്തകി പറഞ്ഞു. വീണ്ടും ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കണമെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി കഴിഞ്ഞ ദിവസം ഇറാൻ സൈന്യത്തിന് നിർദേശം നൽകിയിരുന്നു.അതേസമയം, ചർച്ചകളിലൂടെയോ യുദ്ധത്തിലൂടെയോ ആണെങ്കിലും ഉടൻ യുദ്ധം തീരുമെന്നു ആവർത്തിച്ച് ട്രംപ്. ഇറാന്റെ മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ അവർ ഞങ്ങളുമായി സമാധാന കരാറിലെത്തണം. അല്ലെങ്കിൽ ഞങ്ങൾ ഇറാനെ തീർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ നേതാക്കളെ വധിച്ചതിൽ യുഎസ് ഒരൽപം കടന്നുപോയെന്ന സൂചനയും ട്രംപ് നൽകി. ഇറാനെ പൂർണമായും തകർത്തു. അവരുടെ നേതാക്കളെ മുഴുവൻ ഇല്ലാതാക്കി. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലൊന്ന്. ഇറാനുമായി ചർച്ച നടത്താൻ നേതാക്കളാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം തീർന്നാലും എണ്ണയ്ക്ക് രക്ഷയില്ല
ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവില കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 2 ശതമാനത്തോളം ഇടിഞ്ഞ് 111.3 ഡോളറിലെത്തി.ഡബ്ല്യുടിഐ ക്രൂഡോയിൽ 101.8 ഡോളറിലും യുഎഇ മർബൻ ക്രൂഡ് 114 ഡോളറിലുമാണ്. ഒക്ടോബറിൽ മാത്രം ക്രൂഡോയിൽ വില 14 ശതമാനം വർധിച്ചിരുന്നു.

അതേസമയം, യുഎസ്, ഇസ്രയേൽ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ എണ്ണവില അടുത്ത ആഴ്ചകളിലും ചാഞ്ചാടാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. യുദ്ധം അവസാനിച്ചാലും എണ്ണവില ബാരലിന് 70-90 ഡോളർ നിലവാരത്തിൽ തുടരുമെന്നാണ് ഡാനിഷ് ബാങ്കായ സാക്സോയുടെ പ്രവചനം.

ഡിസംബറിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 105 ഡോളറിലെത്തുമെന്നാണ് സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. നേരത്തെ ഇത് 90 ഡോളറായിരുന്നു. 2027ലെ ശരാശരി വില ബാരലിന് 80 ഡോളറിൽ നിന്ന് 88 ഡോളറായും ഉയർത്തിയിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ, ഇറാൻ-യുഎസ് യുദ്ധങ്ങൾ 2027ൽ വിപണിയിൽ പ്രതിദിനം 10 ലക്ഷം ബാരല്‍ ക്രൂഡോയിലിന്റെ കുറവുണ്ടാക്കുമെന്നും ഇവർ‍ പറയുന്നു.

ഇന്ത്യയ്ക്കും ടെൻഷൻ
യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന കാര്യത്തിൽ ഇന്ത്യൻ നിക്ഷേപകരും ആശങ്കയിലാണ്. യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മുൻകൈ ലഭിച്ചാലും കുടിയേറ്റം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾക്ക് പരിഹാരമായേക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തന്ത്രപ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളുമായുള്ള സഹകരണം തുടരും. എന്നാൽ ഡെമോക്രാറ്റുകളുടെ വിജയം ട്രംപിന്റെ തീരുവ പോലുള്ള കടുത്ത തീരുമാനങ്ങളിൽ നിന്ന് തടഞ്ഞേക്കും. എങ്കിലും പ്രസിഡന്റിന്റെ സവിശേഷമായ എക്സിക്യൂട്ടിവ് അധികാരങ്ങൾക്ക് കുറവുണ്ടാകില്ല.

ഇന്ത്യൻ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം പുനരാരംഭിച്ചേക്കാവുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷമാണ്. പശ്ചിമേഷ്യയിലെ അന്തരീക്ഷം കൂടുതൽ വഷളാകുന്നത് രാജ്യാന്തര എണ്ണവില വീണ്ടും വർധിക്കാൻ ഇടയാക്കും. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വീണ്ടും കൂട്ടും. ഓഹരികൾക്കും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനും തിരിച്ചടിയാകുമെന്നും ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസിന്റെ വിലയിരുത്തൽ.

ആവേശമായേക്കാവുന്ന കണക്കുകളാണിത്. രാജ്യത്ത് മികച്ച ഡിമാൻഡ് നിലനിൽക്കുന്നതിന്റെ സൂചനയാണ് ഉയർന്ന നികുതി വരുമാനം. കൺസ്യൂമർ, റീട്ടെയിൽ, ഓട്ടോ, ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമായേക്കും.

അവസാന വ്യാപാര ദിവസം ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 0.51 ശതമാനം മുന്നേറി 23,053.10ലെത്തി. സെൻസെക്സ് 0.42 ശതമാനം മുന്നേറി 74,459.53 എന്ന നിലയിലും ക്ലോസ് ചെയ്തു. ഇന്നും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. വിപണിയുടെ ഗതി അളക്കാൻ സഹായിക്കുന്ന ഗിഫ്റ്റ് നിഫ്റ്റി 180 പോയിന്റോളം ഉയർന്നിട്ടുണ്ട്. ക്രൂഡോയിൽ വിലയും എഐ ഓഹരികളിലെ ഇടിവും ഇന്ന് നിക്ഷേപകരെ സ്വാധീനിക്കും.

വെള്ളിയാഴ്ചയിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം യുഎസ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ നേട്ടത്തിലായി. ഇടക്കാല തിരഞ്ഞെടുപ്പും കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും വിപണിയുടെ രക്ഷയ്ക്കെത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. വെള്ളിയാഴ്ച പുറത്തുവരുന്ന യുഎസിലെ നോൺ ഫാമിങ് കണക്കുകളും നിർണായകമാകും. ഒക്ടോബറിൽ 55,000 തൊഴിലുകൾ വർധിച്ചിട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. ആപ്പിൾ അടക്കമുള്ള വൻ കമ്പനികളുടെ പാദഫലങ്ങളും നിർണായകമാകും.

ഏഷ്യയിൽ നഷ്ടത്തുടക്കം
അതേസമയം, ഏഷ്യൻ വിപണികൾ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെയ് സൂചിക 0.5 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി സൂചിക 1.4 ശതമാനവും ഇടിവിലാണ് തുടങ്ങിയത്. പിന്നീട് കൊറിയൻ സൂചിക നേട്ടത്തിലായി.ജാപ്പനീസ് സെമിക്കണ്ടക്ടർ കമ്പനിയായ കിയോക്സിയയുടെ ഓഹരികൾ‍ 14 ശതമാനം ഇടിഞ്ഞു. എന്നാൽ ഹോങ്കോങ്, ഷാൻഹായ് സൂചികകൾ ഇന്ന് നേട്ടത്തിലുമാണ്. രാജ്യത്തെ ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും കാണുമെന്ന് ചൈനീസ് അധികൃതർ പറഞ്ഞതാണ് ഓഹരികൾക്ക് കുതിപ്പായത്.