പാക്കിസ്ഥാന് ‘ഇന്ത്യയെ വേണം’. പക്ഷേ, ഇന്ത്യ നേരത്തേതന്നെ കൈവിട്ടു. കഴിഞ്ഞ ഒരുവർഷമായി അഫ്ഗാനിസ്ഥാനും ഗൗനിക്കുന്നില്ല. ശ്രീലങ്കയിലും ബംഗ്ലദേശിലും പാക്കിസ്ഥാന് ക്ഷീണം. ആകെ ‘രക്ഷ’ ഇപ്പോൾ ചൈന മാത്രം. പക്ഷേ ചൈനയും നോവിക്കുകയാണ്. സാമ്പത്തിക വർഷത്തെ ആദ്യ മൂന്നുമാസത്തിൽ പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഉഭയകക്ഷ വ്യാപാരം കുത്തനെ വീണു.
അയൽപ്പക്കത്തെയും ദക്ഷിണേഷ്യയിലെയും 9 രാജ്യങ്ങളഉമായി 2026-27 വർഷത്തെ ആദ്യ ത്രൈമാസത്തിൽ പാക്കിസ്ഥാന്റെ വ്യാപാരക്കമ്മി 393 കോടി ഡോളറിൽ നിന്ന് 26.62% ഉയർന്ന് 497 കോടി ഡോളർ ആയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. കയറ്റുമതി വരുമാനത്തേക്കാൾ ഇറക്കുമതിച്ചെലവ് കൂടുന്ന, അശങ്കപ്പെടുത്തുന്ന കണക്കാണ് വ്യാപാരക്കമ്മി.
അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞതാണ് പാക്കിസ്ഥാനെ പ്രധാനമായും വെട്ടിലാക്കിയത്. 2025 ഒക്ടോബർ 10 മുതൽ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതിയില്ല. ഭീകരവാദം ആരോപിച്ചുള്ള സംഘർഷത്തെ തുടർന്ന് അതിർത്തികൾ അടച്ചതാണ് കാരണം.
അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ കയറ്റുമതി ജൂലൈ-സെപ്റ്റംബറിൽ 6.72% ഇടിഞ്ഞ് 944.24 മില്യൻ ഡോളറാണ്. എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി 19.79% ഉയർന്ന് 592 കോടി ഡോളറായി. ഇതാണ് വ്യാപാരക്കമ്മി കൂടാനിടയാക്കിയത്.
ചൈനയിലേക്കുള്ള കയറ്റുമതി 17.95% കൂടിയെങ്കിലും ഇറക്കുമതിയും 19.76% വർധിച്ചത് പാക്കിസ്ഥാന്റെ ചൈനയോടുള്ള വ്യാപാരക്കമ്മി കുത്തനെ വർധിക്കാനിടയാക്കിയിട്ടുണ്ട്. ഫലത്തിൽ, ചൈനയുമായുള്ള വ്യാപാരവും പാക്കിസ്ഥാനെ നോവിക്കുകയാണ്. ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഒന്നും ഇറക്കുമതി ചെയ്യുന്നില്ല. പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം ഇന്ത്യ നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് മൂന്നാംകക്ഷി രാജ്യങ്ങൾ വഴി പാക്കിസ്ഥാൻ 61.74 മില്യൻ മതിക്കുന്ന ഉൽപന്നങ്ങൾ വാങ്ങി. മുൻവർഷത്തെ സമാനകാലത്തെ 36.55 മില്യനേക്കാൾ 68.90% അധികമാണിത്. അതിർത്തി അടച്ചിട്ടതിനാൽ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി 90 ശതമാനവും ഇറക്കുമതി 95 ശതമാനവും ഇടിഞ്ഞു. ബംഗ്ലദേശിലേക്കുള്ള കയറ്റുമതി 3% താഴ്ന്നു. ഇറക്കുമതി ഇടിവ് 36.11%.








