Headlines

നെതന്യാഹു സഖ്യം മുന്നിൽ, ഭൂരിപക്ഷത്തിൽ പ്രതിസന്ധി; ഞെട്ടിച്ച് അറബ് പാർട്ടികൾ

ജറുസലം ∙ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 86% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സ്ഥിതി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് അനുകൂലം. തുടക്കത്തിൽ പ്രതിപക്ഷത്തിന് മുൻതൂക്കം കൽപ്പിച്ച സർവേ ഫലങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ കണക്കുകൾ. 120 സീറ്റുകളിൽ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യം ഇതുവരെ 53 സീറ്റ് സ്വന്തമാക്കി. മുഖ്യപ്രതിപക്ഷമായ ഗാദി ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 19 സീറ്റ്.
ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന. പക്ഷേ, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സഖ്യസമവാക്യം മാറിമറിഞ്ഞ് 61 സീറ്റ് ഭൂരിപക്ഷം ഉറപ്പാക്കാനായാൽ നെതന്യാഹുവിന് പുറത്തേക്കുള്ള വഴി തെളിയും.
2022 ലെ 10 സീറ്റിൽനിന്ന് 19ലേക്ക് ഉയർന്ന അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് അറബ് ലിസ്റ്റ് വൻ മുന്നേറ്റമാണ് നടത്തിയത്. പക്ഷേ, പ്രതിപക്ഷ സഖ്യങ്ങൾ അറബ് ലിസ്റ്റുമായി കൈകോർക്കാനുള്ള സാധ്യത കുറവാണ്. നാളെ അന്തിമഫലമായേക്കും. നവംബർ 4നാണ് തിരഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കേണ്ടത്.ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ, ഇസ്രയേൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും. സഖ്യസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഭരണച്ചുമതലകൾ നിർവഹിക്കുന്ന കാവൽ പ്രധാനമന്ത്രിയായി ബെന്യാമിൻ നെതന്യാഹു തന്നെ തുടരും. കേവലഭൂരിപക്ഷം തികയ്ക്കാൻ ഗാദി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യം അറബ് പാർട്ടികളുമായി കൈകോർക്കണമെന്ന് ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യയ്ർ ഗോലാൻ ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ വ്യാപകമായ കൃത്രിമം കാണിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ആരോപിച്ചു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്‌ക്കും കടുത്ത ഭീഷണിയാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ലിക്കുഡ് പാർട്ടി ആവശ്യപ്പെട്ടു. അറബ് മേഖലകളിലെ പോളിങ് ബൂത്തുകളിൽ കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖ ചമയ്‌ക്കൽ, കള്ളവോട്ട് തുടങ്ങിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, ഇതിന് ആധാരമായ നൂറുകണക്കിന് മൊഴികളും തെളിവുകളും സമർപ്പിക്കുമെന്നും നെതന്യാഹു സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

റെക്കോർഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 77.7 ശതമാനത്തോളം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. എഴുപതു ശതമാനത്തിന് തൊട്ടുമുകളിൽ പോളിങ് രേഖപ്പെടുത്തിയ 2022 ലെ തിരഞ്ഞെടുപ്പിനേക്കാൾ വളരെ ഉയർന്ന നിരക്കാണിത്. 2023 ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് കൂടിയാണിത്.