തിരുവനന്തപുരം ∙ കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലുകളെക്കുറിച്ചും കിഫ്ബിയില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചും ഉള്‍പ്പെടെ അന്വേഷിക്കും.കിഫ്ബിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുധാപിള്ള കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കണ്ണൂരില്‍ ആയിരം ഏക്കര്‍ കൂടിയ വിലയ്ക്ക് ഏറ്റെടുത്തതും നാലായിരം ഏക്കര്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും വന്‍ക്രമക്കേടാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞിരുന്നു. സമാനമായി നാല്പതു തസ്തികകള്‍ക്ക് അംഗീകാരമുള്ളപ്പോള് നാനൂറിലേറെ പേരെ നിയമിച്ചതും വിവാദമായിരുന്നു. കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമാണു യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് വിജിലന്‍സിനെ കളത്തിലിറക്കി സര്‍ക്കാര്‍ നിര്‍ണായകനീക്കം നടത്തിയിരിക്കുന്നത്.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. നാളെ നിയമസഭയില്‍ ബില്‍ പാസാക്കും. എംഎല്‍എമാരുടെ ശമ്പളം 98000 രൂപയായി വര്‍ധിക്കും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമാകും. 2018ലാണ് അവസാനമായി എംഎല്‍മാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത്.
പാലക്കാട് നെന്മാറയില് 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിനു സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. പട്ടികജാതി- പട്ടികവര്‍ഗ- മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.
2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിങ്ങില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിനു സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു. പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 – മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പിഎസ്സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമായി. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.






