ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോളുകൾ, പ്രതിപക്ഷ സഖ്യത്തിന് നേരിയ മുൻതൂക്കം; വീഴുമോ നെതന്യാഹു ?

ജറുസലം ∙ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ് പോളുകൾ. 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്.

ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 ഗാദി എന്നിവ പുറത്തുവിട്ട എക്സിറ്റ് പോളുകൾ‌ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ 53 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 50 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. 17 മുതൽ 18 സീറ്റുകൾ വരെ നേടി അറബ് പാർട്ടികൾ‌ നിർണായക ശക്തികളായേക്കാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും. ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി 22 സീറ്റുകൾ വരെ നേടുെമന്നും നഫ്താലി ബെന്നറ്റിന്റെ ബിയഹാദ് പാർട്ടി 12 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാവുകയാണെങ്കിൽ ഇരു മുന്നണികൾക്കും ഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ വരികയും, പുതിയ സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികളുടെ പിന്തുണ തേടേണ്ടി വരികയോ അല്ലെങ്കിൽ വീണ്ടും ഒരു രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് രാജ്യം നീങ്ങുകയോ ചെയ്തേക്കാം. ഔദ്യോഗിക ഫലം നവംബർ ആദ്യവാരത്തോടെ മാത്രമേ പൂർണമായി വ്യക്തമാകൂ.