Headlines

ഈ പലിശ പറ്റില്ല; 1500 കോടിയുടെ കടമെടുപ്പ് ഉപേക്ഷിച്ച് കേരളം; ശമ്പളം കൊടുക്കാൻ മറുവഴി തേടി സർക്കാർ

തിരുവനന്തപുരം ∙ ഉയർന്ന പലിശ ആവശ്യപ്പെട്ടതിനെത്തുടർന്ന് റിസർവ് ബാങ്ക് വഴിയുള്ള 1,500 കോടിയുടെ കടമെടുപ്പിൽ നിന്നു സംസ്ഥാന സർക്കാർ പിൻവാങ്ങി. അടുത്തയാഴ്ചത്തെ ശമ്പളവിതരണത്തിനും മറ്റുമായാണ് ഈ തുക കഴിഞ്ഞ ചൊവ്വാഴ്ച കടമെടുക്കാൻ തീരുമാനിക്കുകയും റിസർവ് ബാങ്കിൽ കടമെടുപ്പിനായി അപേക്ഷിക്കുകയും ചെയ്തത്.

എന്നാൽ, എട്ടര ശതമാനമെന്ന ഉയർന്ന പലിശനിരക്ക് നിക്ഷേപകർ ആവശ്യപ്പെട്ടതോടെ സർക്കാർ പിൻ‍വാങ്ങുകയായിരുന്നു. ഇതു കാരണമുള്ള താൽക്കാലിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ മറ്റുവഴിക്കു പണം സ്വരൂപിക്കാൻ ശ്രമം തുടങ്ങി. ‌13 സംസ്ഥാനങ്ങൾ ചേർന്ന് ആകെ 23,300 കോടി രൂപ കടമെടുപ്പിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലേലം പൂർത്തിയായപ്പോൾ 18,963 കോടി രൂപ മാത്രമേ സംസ്ഥാനങ്ങൾ സ്വീകരിച്ചുള്ളൂ.

ഉയർന്ന പലിശനിരക്ക് കാരണം പലരും പിൻവാങ്ങി. ഗുജറാത്ത് 2,000 കോടി രൂപയുടെ കടപ്പത്രങ്ങളും ജാർഖണ്ഡ് 200 കോടി രൂപയുടെ കടപ്പത്രങ്ങളും ഉയർന്ന നിരക്കുകൾ കാരണം പൂർണമായി പിൻവലിച്ചു. സിക്കിം 400 കോടി ലക്ഷ്യമിട്ടെങ്കിലും ഒടുവിൽ 200 കോടിയാക്കി കുറച്ചു. അസം 1000 കോടി ലക്ഷ്യമിട്ടതിൽ 606.73 കോടിയും നാഗാലാൻഡ് 300 കോടിയിൽ 256.61 കോടിയുമാണ് നിക്ഷേപകരിൽ നിന്നു കൈപ്പറ്റിയത്.

തമിഴ്‌നാടും ഉത്തർപ്രദേശും മുഴുവൻ തുകയും വാങ്ങി. കേരളം വിപണിയിലിറക്കിയത് 14 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളായിരുന്നു. എട്ടര ശതമാനം പലിശയ്ക്ക് കടമെടുത്തിരുന്നെങ്കിൽ വരുംകാലങ്ങളിൽ ഇറക്കുന്ന കടപ്പത്രങ്ങൾക്കും ഇൗ ഉയർന്ന പലിശനിരക്ക് നൽകേണ്ടി വരുമായിരുന്നു.