ധാക്ക∙ ഇന്ത്യയോടുള്ള പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണമെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇന്ത്യയിലെ ഭക്ഷണം മാത്രം കഴിച്ചാൽ, പിന്നെ എപ്പോഴാണു നിങ്ങൾ സ്വന്തം ഭക്ഷണം കഴിക്കുകയെന്നായിരുന്നു ഹുമയൂൺ കബീറിന്റെ പരിഹാസം. മറ്റു വിദേശരാജ്യങ്ങളെ പോലെ ഇന്ത്യയെ തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയിലേക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ കൃത്യമായ രീതിയിൽ ക്ഷണിച്ചില്ല എന്ന് ആരോപിച്ച് അദ്ദേഹം സന്ദർശനം ഒഴിവാക്കിയതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ പ്രതികരണം. 2024 ഓഗസ്റ്റിൽ നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതു മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം അസ്വസ്ഥത നിറഞ്ഞതായിരുന്നുവെന്നും ഹുമയൂൺ കബീർ പറഞ്ഞു.ഇന്ത്യയുമായി പുതിയ ബന്ധത്തിലേക്കു നീങ്ങാനാണ് ബംഗ്ലദേശ് ആഗ്രഹിക്കുന്നതെന്നും, അതു ബഹുരാഷ്ട്ര വേദികളിലൂടെയല്ല മറിച്ചു നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണു സാധ്യമാക്കേണ്ടതെന്നും ഹുമയൂൺ കബീർ പറഞ്ഞു. ബംഗ്ലദേശ് എപ്പോഴും ഇന്ത്യയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന അമിത ഭ്രമം അവസാനിപ്പിക്കണമെന്നും മറ്റു വിദേശരാജ്യങ്ങളെപ്പോലെ ഇന്ത്യയെയും തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ‘‘രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇന്ത്യയിലെ ഭക്ഷണം മാത്രം കഴിച്ചാൽ, പിന്നെ എപ്പോഴാണ് നിങ്ങൾ സ്വന്തം ഭക്ഷണം കഴിക്കുക. ഇന്ത്യയോടുള്ള ഈ പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണം. ഇന്ത്യ മറ്റൊരു അയൽരാജ്യം മാത്രമാണ്. എങ്കിലും ഇന്ത്യയുമായി നല്ലൊരു പ്രവർത്തന ബന്ധം കെട്ടിപ്പടുക്കാൻ തന്നെയാണ് രാജ്യം ആഗ്രഹിക്കുന്നത്’’ – മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഹുമയൂൺ കബീർ പറഞ്ഞു.ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായി ഒപ്പുവച്ച 101 ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും ബംഗ്ലദേശ് പാർലമെന്റ് നിലവിൽ പുനഃപരിശോധിച്ചു വരികയാണെന്നു ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി നേതാക്കൾ പറഞ്ഞിരുന്നു. ഇന്ത്യയ്ക്കു തങ്ങളുടെ തന്ത്രപ്രധാനമായ ചിറ്റഗോങ്, മോംഗ്ല തുറമുഖങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ കരാറുകൾ റദ്ദാക്കുമോ എന്ന ചോദ്യത്തിന്, എല്ലാ കരാറുകളും പരിശോധനയിലാണെന്നും ഇതിന്റെ അന്തിമ തീരുമാനം വളരെ വേഗം പുറത്തുവിടുമെന്നും പാർട്ടിയുടെ ചീഫ് വിപ്പ് നൂറുൽ ഇസ്‌ലാം മോനി പറഞ്ഞു. ബംഗ്ലദേശ് മാധ്യമമായ ‘ദ് ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് അനുസരിച്ച്, പാർലമെന്ററി നടപടിക്രമങ്ങളുടെ ഭാഗമായാണു പരിശോധനകൾ നടക്കുന്നതെന്നു വിദേശകാര്യ സഹമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
‘മൂന്ന് നേരം ഇന്ത്യൻ ഭക്ഷണം കഴിച്ചാൽ, പിന്നെ എപ്പോഴാണ് സ്വന്തം ഭക്ഷണം ?; ആ പ്രത്യേക ഭ്രമത്തിൽനിന്ന് ബംഗ്ലദേശ് പുറത്തുകടക്കണം’







