കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിങ്ങും ഭിത്തിയുടെ ഭാഗവും അടർന്നുവീണു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കെട്ടിടത്തിലെ ഭൂഗർഭ നിലയിലെ ജീവനക്കാരുടെ ശുചിമുറിയുടെ സീലിങ്ങും ഭിത്തിയിലെ ഹോളോബ്രിക്സ് കട്ടയുടെ ഭാഗവുമാണ് അടർന്നുവീണത്. ശുചിമുറിയുടെ വാതിൽ തുറന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. വാതിൽ തുറന്ന സമയത്തുതന്നെ കെട്ടിടഭാഗങ്ങൾ പതിച്ചതിനാലാണ് ജീവനക്കാരി പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
259 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്നു ചെലവിട്ട് നിർമിച്ച കെട്ടിടം ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു പിന്നാലെ വിവിധ സംഭവങ്ങളിലായി പലതവണ സീലിങ് അടർന്നുവീണു. ദിവസങ്ങൾക്കു മുൻപും സമാനമായ തരത്തിൽ അപകടമുണ്ടായിരുന്നു. പൈപ്പുകൾ പൊട്ടി പലനിലകളിലും വെള്ളം കയറി.ഫാൻ ഒടിഞ്ഞുവീണ സംഭവങ്ങൾ പോലുമുണ്ടായി. നിർമാണക്കരാർ പ്രകാരം 5 വർഷത്തെ പരിപാലനച്ചുമതലയും വാറന്റി കാലയളവിലെ തകരാറുകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തവും കരാറുകാരനാണ്. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും മുൻപേ കെട്ടിടം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് അധികൃതർക്കുമേൽ സമ്മർദമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. നിർമാണത്തിൽ സിമന്റ് ഉൾപ്പെടെ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, എല്ലാ തകരാറുകളും പരിഹരിക്കാതെ കെട്ടിടം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് അധികൃതർ.





