Headlines

ആയുധങ്ങളുമായെത്തിയ സൗദി വിമാനം ലക്ഷ്യമിട്ട് ഏദനിൽ ഹൂതി ആക്രമണം

ദുബായ്∙ സൗദിയുടെ സൈനിക ചരക്കുവിമാനം ലക്ഷ്യമാക്കി യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം. യെമനിലുള്ള സൗദി സഖ്യസേനയ്ക്ക് ആയുധങ്ങളുമായി വിമാനം ഏദനിൽ ഇറങ്ങിയതിനു പിന്നാലെയാണ് ഹൂതികൾ ആക്രമണം തുടങ്ങിയത്. യാത്രക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയശേഷമായിരുന്നു ആക്രമണം.

സൗദിയിലെ തായിഫ് പട്ടണത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം തടുത്തതായി സൗദി അറിയിച്ചു. യെമനിലെ ജൗഫ് പ്രവിശ്യയിൽ ഹസം പട്ടണത്തിലെ പെട്രോൾ പമ്പിനു നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ റിയാദ്, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നവംബർ 14 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ഇതിനിടെ, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പുതിയ സമാധാനനിർദേശങ്ങളുമായി മധ്യസ്ഥരായ ഖത്തർ രംഗത്തു വന്നു. നിർദേശങ്ങളുടെ കരട് ഇറാനു കൈമാറി.

ഹോർമൂസ് കടലിടുക്ക് അടഞ്ഞത് യുഎഇയിലെ വിവിധ കമ്പനികളുടെ ഉൽപാദനത്തെ ബാധിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. അസംസ്കൃ‌ത വസ്തുക്കൾക്കു കടുത്ത ക്ഷാമം നേരിടുകയാണ്. അബുദാബിയിൽ വലിയ പൈപ്പുകൾ നിർമിക്കുന്ന അൽ ഖർബിയ പൈപ്പ് കമ്പനിയിലേക്ക് അസംസ്കൃത ഇരുമ്പ് പ്ലേറ്റുകളുമായി വന്ന കപ്പൽ ഹോർമുസ് തടസ്സം മൂലം ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ഖലീഫ തുറമുഖത്ത് എത്തേണ്ട കപ്പൽ ഗുജറാത്തിലെ തുറമുഖത്താണ് നങ്കൂരമിട്ടിരിക്കുന്നത്. അടുത്ത 30 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ മാത്രമേ അൽ ഖർബിയ പ്ലാന്റിൽ ശേഷിക്കുന്നുള്ളൂ. ഇതേസാഹചര്യത്തിലൂടെയാണ് മറ്റു കമ്പനികളും കടന്നുപോകുന്നത്.