Headlines

മദീന ആക്രമിക്കാൻ ശ്രമമെന്ന് സൗദി; നിഷേധിച്ച് ഹൂതികൾ, സൗദിയിൽ 2 പേർ കൊല്ലപ്പെട്ടു

ദുബായ്∙ സൗദിയിൽ മദീനയ്ക്കു നേരെ ഹൂതികൾ വ്യോമാക്രമണത്തിനു ശ്രമിച്ചതായി സഖ്യസേന. മദീനയ്ക്കു മുകളിലും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയെന്നും സഖ്യസേന പ്രതിരോധിച്ചെന്നും സൗദി അറിയിച്ചു. 4 ഡ്രോണുകൾ നശിപ്പിച്ചു. എന്നാൽ മദീനയ്ക്കു നേരെയോ സൗദിക്കു നേരെയോ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്ന് യെമനിലെ ഇറാൻ അനുകൂല ഹൂതികൾ പറഞ്ഞു. സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഊർജമന്ത്രാലയം അറിയിച്ചു.
യെമനിലെ ഏദനിൽ സൗദി സൈന്യം തമ്പടിച്ചിരിക്കുന്ന മേഖലകളിൽ ഹൂതികൾ ആക്രമണം നടത്തി. ഏദൻ വിമാനത്താവളത്തിനു സമീപം കറുത്ത പുകച്ചുരുളുകൾ ഉയരുന്നുണ്ട്. ‍ഏദനിലെ ബദർ ക്യാംപ് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ അറിയിച്ചു. അൽ മുക്കല്ലയിലെ സൈനിക ക്യാംപിനു നേരെയും മിസൈൽ – ഡ്രോൺ ആക്രമണം ഉണ്ടായി. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരാകാമെന്ന ഇറാൻ നിർദേശത്തോടു സൗദിയും ഹൂതികളും പ്രതികരിച്ചില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു.

സൗദിക്ക് നേരെ ആക്രമണം രൂക്ഷമായ ഘട്ടത്തിലാണ് ഹൂതികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ പറഞ്ഞത്. അതേസമയം, ഹൂതി – സൗദി പ്രശ്നത്തിൽ ഈജിപ്ത് ഇടപെടുന്നതു കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. യെമനിലെ സംഘർഷത്തിൽ ഇടപെടില്ലെന്നാണു ഈജിപ്ത് നേരത്തേ നിലപാട് എടുത്തിരുന്നത്. പാക്കിസ്ഥാൻ സൈനികമേധാവി അസിം മുനീർ ഇറാനിലെത്തി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിനേരത്തേ ഹൂതികളുടെ ആക്രമണമുണ്ടായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം ഇന്നലെ മുതൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇറാൻ അതിർത്തിയായ ഷീബ് താൽക്കാലികമായി അടയ്ക്കുകയാണെന്ന് ഇറാഖ് അറിയിച്ചു. നിരോധിത വസ്തുക്കളുടെ കള്ളക്കടത്തു തടയുകയാണ് പ്രധാന ലക്ഷ്യം. യാത്രക്കാർ, വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ അതിർത്തിയിൽ തടയും.