ദുബായ് ∙ യുഎസ് സൈനിക താവളങ്ങളുടെ ദൂരം കണക്കാക്കി ഇറാൻ മിസൈലുകളുടെ ദൂരപരിധി കൂട്ടി. യുഎസ് സൈന്യം താവളമടിച്ചിരിക്കുന്ന മേഖലയും ഇറാൻ തീരവും തമ്മിൽ ആയിരം കിലോമീറ്റർ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണു മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ചതെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുഎസ്–ഇറാൻ യുദ്ധം സൈനികമായി പരിഹാരിക്കാനാവില്ലെന്നു വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ബോംബുകൾക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഇത്രയും നാളത്തെ പോരാട്ടം പഠിപ്പിച്ചു. ഇനിയും സൈനിക നടപടികൾക്കാണ് യുഎസ് തുനിയുന്നതെങ്കിൽ അതിനെക്കാൾ കരുത്തോടെ തിരിച്ചടിക്കും. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ലെന്നും അറഗ്ചി പറഞ്ഞു.
ഹോർമുസിൽ ഇന്നലെയും ചരക്കുകപ്പലിനു നേരെ വ്യോമാക്രമണം ഉണ്ടായി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണു വിവരം. കപ്പലിന്റെ എൻജിൻ റൂം ആക്രമണത്തിൽ തകർന്നു. സൗദി അരാംകോയുടെ റിയാദിലെ കേന്ദ്രം ആക്രമിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. യെമനിൽ ഹൂതികൾ പിടിച്ച സ്ഥലങ്ങൾ തിരിച്ചെടുക്കാനുള്ള സൈനിക നടപടികൾ തുടങ്ങിയതായി യെമൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലീമി പറഞ്ഞു. ഹൂതി കേന്ദ്രങ്ങളിലേക്ക് 97 ആക്രമണങ്ങൾ നടത്തിയതായി യെമനിലെ സഖ്യസേന അറിയിച്ചു. 260 തീവ്രവാദികൾക്കു പരുക്കേറ്റു, 44 സൈനിക വാഹനങ്ങൾ തകർത്തതായും യെമൻ സേന പറഞ്ഞു. അതേസമയം, യെമനിലെ ഇടക്കാല തലസ്ഥാനമായ തായിസും ഏദനുമായി ബന്ധപ്പെടുന്ന പ്രധാന ഹൈവേ ഹൂതികൾ തകർത്തു. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ ആസ്ഥാനമാണു തായിസ്. യെമനിലെ അൽ സഫിയ മേഖല പൂർണമായും ഹൂതികളുടെ നിയന്ത്രണത്തിലായി. പൊലീസ് സ്റ്റേഷനും ഹൂതികൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
അതിനിടെ മക്ക സൈനിക സഖ്യത്തിന്റെ യോഗം ഇന്നു റിയാദിൽ ചേരുമെന്ന് തുർക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്നതാണ് മക്ക സൈനിക സഖ്യം. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ നടത്തുന്ന ആക്രമണം വർധിച്ച സാഹചര്യത്തിലാണു യോഗം.









