Headlines

ആപ്പിൾ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ട സംഭവം: സൈബർ ആക്രമണമല്ലെന്ന് കമ്പനി, സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമം

കാലിഫോർണിയ: ആപ്പിളിന്റെ വിവിധ ഓൺലൈൻ സേവനങ്ങളെയും റീട്ടെയിൽ സ്റ്റോറുകളിലെ പ്രവർത്തനങ്ങളെയും ബാധിച്ച വ്യാപകമായ തടസ്സത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് വ്യക്തമാക്കി കമ്പനി. ആപ്പിളിൻ്റെ നിരവധി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനു പുറമെ ഫിസിക്കൽ സ്റ്റോറുകളിലെ ഇടപാടുകളെയും ആഭ്യന്തര കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കുള്ള പ്രവേശനത്തെയും പ്രശ്നം താൽക്കാലികമായി ബാധിച്ചിരുന്നു. ഇൻ്റേണൽ സിസ്റ്റം അപ്‌ഡേറ്റിലുണ്ടായ പിഴവാണ് സേവന തടസ്സത്തിന് കാരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. തകരാർ പരിഹരിച്ച് ബാക്കിയുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കാൻ എൻജിനീയർമാർ ശ്രമിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. അതേസമയം, ഇത് ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിന്റെയോ ഹാക്കിങ്ങിന്റെയോ ഭാഗമല്ലെന്നും ആപ്പിൾ വ്യക്തമാക്കി.

‘ഇന്ന് രാവിലെ ഇൻ്റേണൽ സിസ്റ്റം അപ്‌ഡേറ്റിനെത്തുടർന്ന് ചില സേവനങ്ങളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടായി. ഞങ്ങളുടെ നിരവധി സംവിധാനങ്ങൾ ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവയും എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാ’ണെന്ന് ആപ്പിൾ അറിയിച്ചതായി ഫോക്സ് ബിസിനസ് റിപ്പോർട്ട് ചെയ്തു. ഐക്ലൗഡ്, ആപ്പിൾ മ്യൂസിക്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ആപ്പിൾ സപ്പോർട്ട്, ആപ്പിൾ ടിവി തുടങ്ങിയ പ്രധാന സേവനങ്ങളെയാണ് തകരാർ ബാധിച്ചത്. വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഉപയോക്താക്കൾ ആപ്പിളിന്റെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, സംഗീതം സ്ട്രീം ചെയ്യുക, ഐക്ലൗഡ് വഴി ഫയലുകൾ സിങ്ക് ചെയ്യുക, ആപ്പിൾ സേവനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുക തുടങ്ങിയവയ്ക്കെല്ലാം തടസ്സമുണ്ടായി. ഐഫോണുകളിലും മാക് കമ്പ്യൂട്ടറുകളിലും ചില ഉപയോക്താക്കൾ തങ്ങളുടെ ആപ്പിൾ ഐഡി അക്കൗണ്ടുകളിൽ നിന്ന് അപ്രതീക്ഷിതമായി ലോഗ് ഔട്ടായതായും പരാതി ഉയർന്നിട്ടുണ്ട്.കമ്പനിയുടെ പോയിന്റ് ഓഫ് സെയിൽ സംവിധാനങ്ങളിൽ പ്രശ്നങ്ങളുണ്ടായതോടെ ചില സ്റ്റോറുകളിലെ ജീവനക്കാർക്ക് ഉപഭോക്താക്കളുടെ പർച്ചേസ് നടപടികൾ പൂർത്തിയാക്കാനും റിപ്പയർ രേഖകൾ പരിശോധിക്കാനും പഴയ ഉപകരണങ്ങൾ കൈമാറിയുള്ള എക്സ്ചേഞ്ച് നടപടികൾ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടായതായാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്കായുള്ള ആഭ്യന്തര പോർട്ടലുകളും ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട ഡാറ്റാബേസുകളും താൽക്കാലികമായി ലഭ്യമല്ലാതായി. ഇതോടെ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും സാങ്കേതിക സഹായം തേടിയെത്തുന്നവരുടെ പ്രശ്നങ്ങൾക്ക് മറുപടി നൽകാനും ജീവനക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ ആപ്പിളിന്റെ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണമോ റാൻസംവെയർ ആക്രമണമോ ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) ആക്രമണമോ ഉണ്ടായതാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.