Headlines

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം. തായിഫ്, യാംബു നഗരങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത 2 ബാലസ്റ്റിക് മിസൈലുകൾ സഖ്യസേന തകർത്തു. തലസ്ഥാനമായ റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈലും കിഴക്കൻ പ്രവിശ്യയ്ക്ക് നേരെ വന്ന ഡ്രോണും പ്രതിരോധസേന തകർത്തു. സൗദിക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളെ ഇസ്താംബൂളിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ ഉച്ചകോടി ശക്തമായ ഭാഷയിൽ അപലപിച്ചു.

സൗദി അറേബ്യയ്ക്ക് നേരെ ഇന്ന് രാവിലെ മുതൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഡ്രോണും റിയാദിന് നേരെ വന്ന ബാലിസ്റ്റിക് മിസൈലുമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സഖ്യസേനാ വക്താവ് തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ യമനിൽ ഹൂതികൾക്കെതിരെ യമൻ സൈന്യം ആക്രമണം കടുപ്പിച്ചു. ഓപ്പറേഷൻ ഫജ്ർ അൽ യമൻ എന്ന പേരിൽ നടത്തുന്ന സൈനിക നീക്കത്തിൽ 620 ഹൂതി ഭീകരർ കൊല്ലപ്പെട്ടതായി യമൻ സൈനിക വക്താവ് അറിയിച്ചു. ഹൂതികളുടെ 190 സൈനിക വാഹനങ്ങളും ടാങ്കുകളും തകർത്തു.

തഅസ് മേഖലയിൽ യമൻ സേന വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനിടെ സൌദിക്കുനേരെയുള്ള ആക്രമണങ്ങളെ അപലപിച്ചും മേഖലയിലെ സുരക്ഷ ചർച്ച ചെയ്തും ഇസ്താംബൂളിൽ നിർണ്ണായക ഉച്ചകോടി നടന്നു. സൌദി, ഈജിപ്ത്, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ പ്രധാന യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും സൗദിക്കെതിരായ ആക്രമണങ്ങളും ആഗോള സുരക്ഷയെ ബാധിക്കുമെന്ന് ഉച്ചകോടി മുന്നറിയിപ്പ് നൽകി. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സൗദിയുടെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും യോഗം വ്യക്തമാക്കി.