കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
താൻ ശബരിമലയിലാണ് ഉള്ളത് വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ തന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.എനിക്ക് വ്യക്തമായി പറയാനുള്ളത്, എൻ്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാൻ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.
എല്ലാ മാധ്യമപ്രവർത്തകരോടും പ്രത്യേകിച്ച് റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്. എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉടൻതന്നെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ട് വിശദീകരിക്കുന്നതുമാണ്. എല്ലാവരും വസ്തുതകൾ മനസ്സിലാക്കി മാത്രം ശ്യാംജിത്ത് പറഞ്ഞു.
CMRL എം ഡി SN ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നായിരുന്നു ഫേസ്ബുക്കിൽ ശ്യാംജിത്തിന്റെ ആരോപണം. എന്നാൽ ആരോപണം പൂർണമായും തള്ളിയും അനന്തരവനും ഭാര്യയ്ക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും ഇ പി ജയരാജൻ രംഗത്ത് വന്നു. വിഷയം ചർച്ചയായതോടെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംജിത് പിൻവലിച്ചു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് വിശദീകരണം. ഇതിനിടെ വൈദേകം റിസോർട്ടിൽ അക്കൗണ്ടന്റായ ശ്യാംജിത്തിന്റെ ഭാര്യ ദീപയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജനറൽ മാനേജരുടെ പരാതിയിലാണ് കേസ്.









