കോയമ്പത്തൂർ ∙ കേരള – തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിലെ 8 റിസോർട്ടുകൾ അടച്ചു പൂട്ടാൻ മദ്രാസ് ഹൈക്കോടതി ജില്ലാ കലക്ടർക്ക് ഉത്തരവു നൽകി. ആനക്കട്ടിക്കു സമീപമുള്ള നമ്പർ 24 വീരപാണ്ടി ഗ്രാമത്തിൽ ആസൂത്രണ അനുമതിയടക്കം ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൂട്ടാനാണ് കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഇതു കൂടാതെ രണ്ടു റിസോർട്ടുകൾക്ക് പഞ്ചായത്ത് നൽകിയ അനുമതികൾ പുനഃപരിശോധിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനുമതികളിൽ ലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോ എന്നു കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബർ 18നു വീണ്ടും പരിഗണിക്കും.
കലക്ടറുടെ അധ്യക്ഷതയിൽ കോടതി രൂപീകരിച്ച, ഫോറസ്റ്റ് റേഞ്ച് ഓഫിസർ, കോയമ്പത്തൂർ നോർത്ത് തഹസിൽദാർ, പെരിയനായ്ക്കൻപാളയം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി അടുത്ത വാദത്തിൽ ഈ എട്ടു റിസോർട്ടുകൾ പൂട്ടിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും. ഈ പ്രദേശത്ത് മറ്റു റിസോർട്ടുകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ നടത്താനും കമ്മിറ്റിയോട് കോടതി നിർദേശിച്ചു.
ആനക്കട്ടിയിലെ അനധികൃത റിസോർട്ടുകളെ നിയന്ത്രിക്കണമെന്നും ആനത്താര സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയും പരിസ്ഥിതിപ്രവർത്തകനുമായ എൻ.മുരളീധരൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ആനക്കട്ടിയിലും പരിസരത്തുമായി ഇരുപതോളം റിസോർട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു ഹർജിയിൽ പറയുന്നു. എന്നാൽ, കമ്മിറ്റി നടത്തിയ പരിശോധനയിൽ 10 റിസോർട്ടുകളാണു കണ്ടെത്തിയത്. മന്ത്രിമാരും എംഎൽഎമാരും മറ്റു സ്വാധീനമുള്ള വ്യക്തികളും നടത്തുന്നതാണ് മറ്റ് 10 റിസോർട്ടുകൾ എന്നതിനാൽ ഉദ്യോഗസ്ഥർ മനഃപൂർവം അവയുടെ പേരുകൾ ഒഴിവാക്കിയതാണെന്നു സംശയിക്കുന്നതായും പരാതിക്കാരൻ പറഞ്ഞു.
അതേസമയം, റിസോർട്ടുകൾ പൂട്ടാൻ ജില്ലാ കലക്ടർ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്നു റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസി (ഡിആർഡിഎ), വനംവകുപ്പ്, പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചേർന്നായിരിക്കും നടപടിയെന്നു തഹസിൽദാർ ജയകുമാർ പറഞ്ഞു. ഹൈക്കോടതി നിർദേശമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവർ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിൽ പരിസ്ഥിതി, വന്യജീവി സംരക്ഷണം ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുന്ന എൻ.സതീഷ് കുമാർ, കെ.രാജശേഖർ എന്നിവരടങ്ങുന്ന സ്പെഷൽ ബെഞ്ചാണ് റിസോർട്ടുകൾ പൂട്ടാനുള്ള നിർദേശം നൽകിയത്.







