ന്യൂഡൽഹി ∙ ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. ഗുരുവായൂർ സ്വദേശിയായ നിവേദിത ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും നിവേദിതയ്ക്കൊപ്പം വനിതാ കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമനം.
2016ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് നിവേദിത സുബ്രഹ്മണ്യം ബിജെപിയുടെ ഔദ്യോഗിക പദവികളിലേക്ക് ആദ്യമായി കടന്നെത്തുന്നത്. അന്ന് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ 2021ലെ തിരഞ്ഞെടുപ്പിലും അവസരം നൽകിയെങ്കിലും നാമനിർദേശ പത്രിക തള്ളിപ്പോയത് തിരിച്ചടിയായി. 2024ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും മത്സരിച്ചിരുന്നു.








