ന്യൂഡൽഹി ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും മധ്യപ്രദേശിലും രണ്ടുതരം സമീപനം കാട്ടുന്ന റിട്ടേണിങ് ഓഫിസർമാരുടെ നടപടികളുടെ പേരിൽ പത്രിക പരിശോധനയുടെ ഘട്ടത്തിൽതന്നെ തിരഞ്ഞെടുപ്പു കമ്മിഷൻ വിവാദത്തിലായി.നടപടികളിലേക്കു കോടതി കടന്നതും കുറ്റം ചുമത്തിയതുമായ കേസുകൾ സത്യവാങ്മൂലത്തിൽ പരാമർശിച്ചാൽ മതിയെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 33 എ വ്യവസ്ഥ. മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജനെതിരെ ആരോപണമുള്ള കേസിൽ വിവരങ്ങൾ ശേഖരിക്കാനുള്ള നോട്ടിസ് ഘട്ടമാണ്; അത്തമൊരു കേസിന്റെ വിവരം നൽകേണ്ടതില്ലെന്ന് കോൺഗ്രസ് വാദിക്കുന്നു. നിയമപരമായി കോൺഗ്രസിന്റെ വാദം ബലമുള്ളതാണ്. അല്ലെങ്കിൽത്തന്നെ, സത്യവാങ്മൂലത്തിൽ എന്തെങ്കിലും വിവരം നൽകിയില്ലെന്ന കാരണത്താൽ പത്രിക തള്ളാൻ പറ്റില്ലെന്ന് 2003 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. അതുകൂടി ഉൾപ്പെടുത്തിയുള്ളതാണ് തിരഞ്ഞെടുപ്പു കമ്മിഷൻ റിട്ടേണിങ് ഓഫിസർമാർക്കു നൽകിയിട്ടുള്ള മാർഗരേഖ. കോടതിവിധിയും മാർഗരേഖയും റിട്ടേണിങ് ഓഫിസർ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കമ്മിഷൻ ഉടനെ ഇടപെടുമോയെന്നാണ് വ്യക്തമാവേണ്ടത്.മറിച്ച്, കമ്മിഷൻ തീരുമാനം വൈകിച്ചാൽ, അംഗീകരിക്കപ്പെട്ട പത്രികപ്രകാരമുള്ള 3 സ്ഥാനാർഥികൾ ജയിച്ചതായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടാവാം. അപ്പോൾ, കോൺഗ്രസ് കോടതിയെ ആശ്രയിക്കേണ്ടിവരും. കോടതി നടപടികൾ നീണ്ടുപോകാമെന്നതിനാലാണ് കമ്മിഷന്റെ അടിയന്തര ഇടപെടൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കണക്കിന്റെ കളിയിൽ ആരു ജയിക്കും
∙ ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് 2 സീറ്റിലേക്ക്. ജയിക്കാൻ ഓരോ സ്ഥാനാർഥിക്കും വേണ്ടത് 28 വോട്ട്. ജെഎംഎം നയിക്കുന്ന ഭരണമുന്നണിക്ക് 56 എംഎൽഎമാർ. ജെഎംഎം, കോൺഗ്രസ് സ്ഥാനാർഥികൾ ജയിക്കാമെന്നിരിക്കെയാണ് ബിജെപിയുടെ പിന്തുണയോടെ പരിമൾ നത്വാനി രംഗത്തെത്തിയത്. എൻഡിഎയുടെ 24 എംഎൽഎമാരുടെ വോട്ടു ലഭിച്ചാലും നത്വാനി ജയിക്കില്ല. പക്ഷേ, ഭരണപക്ഷത്തുനിന്നു വോട്ടുനേടി ജയിക്കുമെന്ന് നത്വാനിക്ക് ആത്മവിശ്വാസമുണ്ട്. അതിനുള്ള സാധ്യത ഭരണപക്ഷം തള്ളിക്കളയുന്നുമില്ല.റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറായ നത്വാനി 2008 ലും 2014 ലും ജാർഖണ്ഡിൽനിന്ന് സ്വതന്ത്രനായി ജയിച്ച് രാജ്യസഭയിലെത്തി. 2020 ൽ വൈഎസ്ആർ കോൺഗ്രസ് നോമിനിയായി ആന്ധ്രയിൽനിന്ന് രാജ്യസഭാംഗമായി.
∙ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് 3 സീറ്റിലേക്ക്. 58 വോട്ട് നേടുന്നവർക്ക് ജയം. 164 എംഎൽഎമാരുള്ള ബിജെപിക്ക് 2 പേരെ ജയിപ്പിക്കുക എളുപ്പം. 61 എംഎൽഎമാരുള്ള കോൺഗ്രസിനും ഒരാളെ ജയിപ്പിക്കാം. ഈ സ്ഥിതിയിലാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളുന്നതും ബിജെപിയുടെ മൂന്നാം സ്ഥാനാർഥിയായെത്തിയ മഹേഷ് കേവതിന്റെ പത്രിക സ്വീകരിക്കുന്നതും. അതിനുള്ള സാഹചര്യമൊരുക്കാൻ വേണ്ട വിവരങ്ങൾ തങ്ങൾക്കു കോൺഗ്രസിൽനിന്നുതന്നെ ചോർന്നുകിട്ടിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് കോൺഗ്രസ്
റിട്ടേണിങ് ഓഫിസർക്ക് പിഴവുണ്ടായാൽ അതു തിരുത്താനുള്ള അധികാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും മധ്യപ്രദേശിൽ അതു പ്രയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളിയ വിഷയത്തിൽ കമ്മിഷനെ കാണാൻ എത്തിയതായിരുന്നു നേതാക്കൾ. ഈ അധികാരം ഹരിയാനയിലും ഗുജറാത്തിലും കമ്മിഷൻ മുൻപു പ്രയോഗിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
കെ.സി.വേണുഗോപാൽ, രൺദീപ് സുർജേവാല, ജയറാം രമേശ്, അഭിഷേക് മനു സിങ്‍വി, ദീപ ദാസ്മുൻഷി, വിവേക് തൻഖ, മീനാക്ഷി നടരാജൻ എന്നിവരാണ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്. ക്രിമിനൽ കേസ് വിവരം മറച്ചുവച്ചെന്ന് ആരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് റിട്ടേണിങ് ഓഫിസർ മീനാക്ഷിയുടെ പത്രിക തള്ളിയത്.
എന്നാൽ, ഒരു വ്യക്തി കോടതിയിൽ നൽകിയ പരാതി മാത്രമാണ് കേസിന് ആധാരമെന്നും ഇതിന്മേൽ കോടതി തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് യോഗം ഇന്ന്
പ്രതിപക്ഷ നിരയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവവികാസങ്ങൾക്കിടെ, ഇന്നു കോൺഗ്രസ് അടിയന്തര ഉന്നതതലയോഗം വിളിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കൾ, പിസിസി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അധ്യക്ഷത വഹിക്കും.
നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഒരുങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് ഇന്നത്തെ യോഗമെന്നാണ് വിവരം.









