തിരുവനന്തപുരം ∙ കാബിനറ്റ് പദവികൾ നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസുമായി ചർച്ചയിൽ. എം.കെ.മുനീർ (മുസ്‌ലിം ലീഗ്), പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), പാലാ എംഎൽഎ മാണി സി.കാപ്പൻ എന്നിവരുടെ പേരുകളാണു ചർച്ചകളിലുള്ളത്. യുഡിഎഫിൽ പൂർണ അംഗത്വമില്ലെങ്കിലും മുന്നണിയുടെ വിശ്വസ്ത പങ്കാളിയായ ആർഎംപി പദവികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. മദ്യനയം, പിഎം ശ്രീ ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മുന്നണിക്കു മുന്നിലുണ്ടെങ്കിലും കാബിനറ്റ് പദവികളിലും വൈകാതെ ഔദ്യോഗിക ചർച്ചകൾ നടക്കും.
എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ, വയോജന കമ്മിഷൻ അധ്യക്ഷപദവികളിലൊന്ന് നൽകണമെന്ന നിലപാടിലാണു ലീഗ്. ഘടകകക്ഷി നേതാക്കൾക്കു കാബിനറ്റ് പദവി നൽകുകയാണെങ്കിൽ ആദ്യം പരിഗണിക്കേണ്ട പേര് പി.ജെ.ജോസഫിന്റേതാണെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. പദവി പേരെടുത്ത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം പാർട്ടി ആഗ്രഹിക്കുന്നു. ഭരണരംഗത്ത് ജോസഫിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പദവി എന്ന ആവശ്യമാണ് പാർട്ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി മന്ത്രി മോൻസ് ജോസഫ് ആശയവിനിമയം നടത്തുന്നുണ്ട്.രണ്ടര വർഷത്തിനു ശേഷം അനൂപ് ജേക്കബിനു പകരം മന്ത്രിയാകാൻ കാത്തിരിക്കുന്ന മാണി സി.കാപ്പൻ അതുവരെ കാബിനറ്റ് റാങ്കുള്ള മറ്റൊരു സ്ഥാനം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നോർക്ക വൈസ് ചെയർമാൻ പദവിയാണ് കാപ്പനു താൽപര്യം. അതേസമയം, രണ്ടര വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന കാര്യം ചർച്ചയിലില്ലെന്നും യുഡിഎഫിലെ ദീർഘകാല പങ്കാളിയെന്ന നിലയിൽ കേരള കോൺഗ്രസിന് (ജേക്കബ്) 5 വർഷം മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നുമുള്ള നിലപാടിലാണ് അനൂപ്.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരുന്ന ജി.ദേവരാജൻ ആവശ്യപ്പെട്ടിരിക്കുന്നത് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയാണ്. മുൻ സർക്കാരിൽ കെ.വി.തോമസ് വഹിച്ച പദവിയാണിത്. ഇന്ത്യാസഖ്യത്തിൽ ഫോർവേഡ് ബ്ലോക്കിന്റെ പ്രതിനിധിയായി ദേശീയതലത്തിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതിനാൽ ദേശീയ നേതാക്കളുമായി അടുപ്പമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി പദവിക്കായി ദേവരാജൻ അവകാശവാദമുന്നയിക്കുന്നത്. അതു ലഭിച്ചില്ലെങ്കിൽ മുന്നാക്ക ക്ഷേമ കമ്മിഷൻ അധ്യക്ഷൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പദവികളിലൊന്നിലേക്കു പരിഗണിക്കണമെന്നാണ് ആവശ്യം.








