Headlines

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

തിരുവനന്തപുരം: കെ.എസ്.ടി.പി കരാർ ക്രമക്കേടിലും പതി-ബെൽ കമ്പനിയുടെ പ്രോജക്റ്റ് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തര വകുപ്പ്. തുടരന്വേഷണ കാര്യത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് വിജിലൻസിനോട് നിയമോപദേശം തേടി.ലീ സീ ബീനിൻറെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമുള്ള വി.ഒ സാജന്റെ പുതിയ പരാതിയും വിജിലൻസ് അന്വേഷണത്തിന് വിടാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിൽ പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്തു ഗ്യാനേഷ് കുമാർ കെ.എസ്.ടി.പി പദ്ധതിയിൽ ക്രമക്കേട്‌ നടത്തിയെന്നും പതി-ബെൽ കമ്പനിയുടെ പ്രോജക്റ്റ് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. 2007-2012 കാലയളവിൽ നടന്ന മുൻ വിജിലൻസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നു കണ്ടെത്തിയതോടെ പുനരന്വേഷണ സാധ്യത മങ്ങിയെന്നായിരുന്നു പ്രചരിച്ച വിവരം.എന്നാൽ ഇത് പാടേ തള്ളുകയാണ് ആഭ്യന്തര വകുപ്പ്.

വിജിലൻസ് അന്വേഷണം തുടരാനാണ് ആഭ്യന്തര വകുപ്പ് തീരുമാനം.വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.ഇതിനായി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് വിജിലൻസിനോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാൽ മറ്റു വകുപ്പുകൾ ചുമത്തിയുള്ള അന്വേഷണ കാര്യത്തിൽ തീരുമാനം എടുക്കും. പതി-ബെൽ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരൻ വി.ഒ സാജന്റെ പുതിയ പരാതിയും വിജിലൻസ് അന്വേഷണത്തിന് വിടും. രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാർ 14 കോടി രൂപയുടെ നാലു ബില്ലുകൾ തടഞ്ഞുവച്ചതായി ലീ സീ ബിൻ പറഞ്ഞിരുന്നുവെന്നാണ് കൊല്ലം സ്വദേശിയായ വി.ഒ സാജൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. നിലവിൽ തുടരുന്ന അന്വേഷണത്തിൽ പുതിയ പരാതി നിർണ്ണായകമാകുമെന്നാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തൽ.