Headlines

യുദ്ധപ്രമേയം പാളി; വെടിനിർ‌ത്തണമെന്ന് ഇറാൻ, സൗദിയെ പ്രകോപിപ്പിച്ച് ഹൂതികൾ, എണ്ണവില മേലോട്ട്, പോസിറ്റീവ് ആകാൻ ‘ഇന്ത്യ’

യുദ്ധം സംബന്ധിച്ച അനിശ്ചിതത്വവും എണ്ണവിലയുടെ ചാഞ്ചാട്ടവും ആഗോള സമ്പദ്മേഖലയെ ഉലയ്ക്കുകയാണ്. ഇന്നലെ വിപണികൾക്കുമേൽ ‘ബോംബായി’ മാറിയ യുഎസ് ബോണ്ട് യീൽഡുകൾ ഇപ്പോൾ നേരിയതോതിൽ താഴ്ന്നത് ഓഹരി വിപണികൾക്ക് ഇന്ന് നേട്ടപ്രതീക്ഷ നൽകുന്നുണ്ട്. പ്രതിസന്ധികൾ മാറുകയും യുഎസും ഇറാനും വീണ്ടും സമാധാനമേശയിലേക്ക് എത്തുമെന്നുമുള്ള വിലയിരുത്തലുകളും പ്രതീക്ഷ നൽകുന്നു.

യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.1% വീതം താഴ്ന്നു. ഏഷ്യയിൽ പക്ഷേ ജാപ്പനീസ് നിക്കേയ് 0.25% ഉയർന്നു. ചൈന, ദക്ഷിണ കൊറിയ വിപണികൾക്ക് ഇന്ന് അവധിയാണ്. ഇന്ത്യയിൽ രാവിലെ ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റിലധികം ഉയർന്നു. ഇന്നലെ 1250 പോയിന്റ് (-1.67%) തകർന്നടിഞ്ഞ സെൻസെക്സും 383 പോയിന്റ് (-1.64%) ഇടിഞ്ഞ നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ ഇതു നൽകുന്നു. എങ്കിലും, കരുതലോടെ തന്നെയാകും നിക്ഷേപകർ ഇന്നും ഇടപാടുകൾ നടത്തുക.

രൂപയ്ക്ക് സമ്മർദം, സ്വർണം മേലോട്ട്?

ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയരമായ 5.20 ശതമാനത്തിൽ നിന്ന് 5.19ലേക്കാണ് യുഎസ് 10-വർഷ ട്രഷറി യീൽഡ് താഴ്ന്നത്. ബോണ്ട് യീൽഡിന്റെ മുന്നേറ്റം ഇന്നലെ ഓഹരി വിപണികളെയും സ്വർണവിലയെയും തളർത്തിയിരുന്നു. രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 1 ഡോളർ മാത്രം ഉയർന്ന് 4283 ഡോളറിലാണ്. കേരളത്തിൽ ഇന്ന് വില മാറ്റത്തിന് സാധ്യതയില്ല. ഡോളർ കരുത്ത് നേടിയതിനാൽ രൂപ ഇന്നലെ 23 പൈസ താഴ്ന്ന് 95.96ൽ എത്തി. ഇന്നും രൂപ സമ്മർദം നേരിടാനാണ് സാധ്യത.

ഉറ്റുനോട്ടം ട്രംപ്-ഷി കൂടിക്കാഴ്ചയിലേക്ക്

യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കുന്ന ചർച്ചകളും ആഗോള ഓഹരി, സ്വർണ വിപണികളെ സ്വാധീനിക്കും. അപൂർവധാതുക്കൾ‌ (റെയർ എർത്ത്), നിർമിത ബുദ്ധി (എഐ), തീരുവത്തർക്കം, ഇറാൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തേക്കും. മനുഷ്യന് ദോഷകരമല്ലാത്തവിധമാകണം എഐ വികസനമെന്നാണ് ട്രംപിന്റെ നിലപാട്.