തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐ.പി.ബിനു ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിലെ ഓണാഘോഷത്തില്‍ പ്രതികള്‍ പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് തന്നെ കോടതിയില്‍ അപേക്ഷ നല്‍കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി (മൂന്ന്) സെപ്റ്റംബര്‍ 15 ന് വാദം പരിഗണിക്കും. സംഭവത്തില്‍ അന്നു പൊലീസ് റിപ്പോര്‍ട്ട് നല്‍കും.
സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16 ാം പ്രതിയുമായ ഐ.പി. ബിനു, ഒന്നാം പ്രതി നിതിന്‍ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ പ്രതികള്‍ അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തതാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി പൊലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.








