Headlines

മ്യൂച്വൽഫണ്ടിൽ ചേരണോ? എസ്ഐപി തുടങ്ങണോ? സീറോദ മുതൽ ഗ്രോ വരെ: ഏത് തിരഞ്ഞെടുക്കണം?

 

വലിയ തുക ബ്രോക്കറേജായി നൽകാതെ, ഓഹരി ഇടപാടിൽ നേടുന്ന ലാഭം സ്വന്തം പോക്കറ്റിലാക്കാൻ സഹായിക്കുന്ന ചില സൂപ്പർ പ്ലാറ്റ്‌ഫോമുകൾ ഇന്ന് ഇന്ത്യയിലുണ്ട്. ഡിസ്കൗണ്ട് ബ്രോക്കർമാർ എന്നറിയപ്പെടുന്ന ഇവർ പൊതുവേ ഓരോ ഓർഡറിനും പരമാവധി 20 രൂപയോ ട്രേഡിങ് തുകയുടെ ചെറിയൊരു ശതമാനമോ (0.03%- 0.05%) ആണ് ബ്രോക്കറേജായി ഈടാക്കുന്നത്. നിക്ഷേപിക്കാനും ട്രേഡിങ്ങിനും ഇന്ന് കൂടുതൽ ഉപയോഗിക്കുന്ന ഡിസ്കൗണ്ട് ബ്രോക്കർമാരരെയും ട്രേഡിങ് ആപ്പുകളെയും അടുത്തറിയാം.

 

1. സീറോദ – ഇന്ത്യയിലെ ആദ്യത്തെ ഡിസ്കൗണ്ട് ബ്രോക്കറാണ് സീറോദ. ഓഹരികൾ വാങ്ങി ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ബ്രോക്കറേജ് ചാർജ് ഇല്ല. ഇൻട്രാഡേ, എഫ്&ഒ ട്രേഡിങ്ങുകൾക്ക് ഓരോ ഓർഡറിനും പരമാവധി 20 രൂപ ഈടാക്കും. പരിചയസമ്പന്നരായ ട്രേഡർമാർക്ക് അനുയോജ്യമായ ആപ്പ്. സ്വയം പഠിച്ച് സജീവമായി ട്രേഡിങ് നടത്തുന്നവർക്ക് ഗുണകരം. ആപ്പിൽ പരസ്യങ്ങളോ അനാവശ്യ നോട്ടിഫിക്കേഷനുകളോ ഉണ്ടാകില്ല. ബാങ്കുകളുമായി സഹകരിച്ച് 8.15% വരെ പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപം നടത്താനും സെറോദയിൽ സൗകര്യമുണ്ട്.

2. അപ്സ്റ്റോക്സ് – വേഗത്തിൽ ഓർഡർ എക്സിക്യൂഷനും ആധുനിക ചാർട്ടിങ് സംവിധാനങ്ങളും കുറഞ്ഞ ചെലവിൽ നൽകുന്ന ആപ്പ്. എല്ലാ വിഭാഗങ്ങളിലും പരമാവധി 20 രൂപയാണ് ചാർജ്. കൃത്യതയും ഉയർന്ന വേഗവും ആഗ്രഹിക്കുന്ന ട്രേഡർമാർക്ക് സൗകര്യപ്രദം. അക്കൗണ്ട് ഓപ്പണിങ് ചാർജ് ഇല്ല. ആധുനിക ചാർട്ടിങ് ടൂളുകൾ കിട്ടും.

 

3. ഏഞ്ചൽ വൺ– കുറഞ്ഞ ബ്രോക്കറേജിനൊപ്പം നിക്ഷേപകനു വേണ്ട റിസർച്ചുകളും ഉപദേശങ്ങളും ലഭിക്കും. ഡെലിവറി ട്രേഡുകൾക്ക് ചാർജ് ഈടാക്കില്ല. മികച്ച റിസർച്ച് റിപ്പോർട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള സ്റ്റോക്ക് നിർദേശങ്ങളും ലഭിക്കും. തുടക്കക്കാർക്ക് ആവശ്യമായ കൃത്യമായ ഗൈഡൻസും മികച്ച കസ്റ്റമർ സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നു.

 

4. ഗ്രോ –തുടക്കക്കാർക്ക് ഉപയോഗിക്കാവുന്ന വിധം ലളിതമായ ഡിസൈനിലുള്ള ആപ്പ്. ഡെലിവറി ഉൾപ്പെടെയുള്ള എല്ലാ ട്രേഡുകൾക്കും 20 രൂപ അല്ലെങ്കിൽ 0.05% ആണ് ചാർജ്. തുടക്കക്കാർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും അനുയോജ്യം. അക്കൗണ്ട് മെയിന്റനൻസ് ചാർജ് ഇല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കമ്മിഷനും ഇല്ല.

5 എം.സ്റ്റോക്- മിറേ അസറ്റ് എന്ന ആഗോള ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ട്രേഡിങ് പ്ലാറ്റ്‌ഫോം. കുറഞ്ഞ ചെലവിൽ ട്രേഡ് ചെയ്യുന്നവർക്കിടയിൽ ജനപ്രിയം. എം.സ്റ്റോക് പ്രധാനമായും രണ്ടുതരം അക്കൗണ്ട് ഓപ്പണിങ് പ്ലാനുകൾ നൽകുന്നുണ്ട്. അക്കൗണ്ട് തുറക്കുമ്പോൾ ഒരു തവണ 999 രൂപ അടച്ചാൽ ജീവിതകാലം മുഴുവൻ ഡെലിവറി, ഇൻട്രാഡേ, എഫ്&ഒ, മ്യൂച്വൽ ഫണ്ടുകൾ, ഐപി എന്നിവയ്ക്കൊന്നും യാതൊരു ബ്രോക്കറേജ് ചാർജും നൽകേണ്ട.

രണ്ടാമത്തെ പ്ലാനിൽ അക്കൗണ്ട് ഓപ്പണിങ് ചാർജ് ഇല്ല. മ്യൂച്വൽ ഫണ്ടുകളും ഡെലിവറിയും ഫ്രീയായിരിക്കും. ഇൻട്രാഡേ, എഫ്&ഒ ട്രേഡുകൾക്ക് ഓരോ ഓർഡറിനും 10 രൂപ ബ്രോക്കറേജ് നൽകണം. അധിക പണം നൽകി കൂടുതൽ ഷെയർ വാങ്ങാൻ പേ ലേറ്റർ ഫീച്ചർ എം.സ്റ്റോക്കിനുണ്ട്. കൂടുതൽ പേർ ഒരേസമയം ഉപയോഗിക്കുമ്പോൾ ആപ്പ് ഇടയ്ക്ക് ചെറുതായി ഹാങ്ങ് ആകുന്നു എന്ന് ചില ഉപയോക്താക്കൾ പറയുന്നുണ്ട്.

 

∙ ഇടപാടുകൾ ലളിതമായി ചെയ്യാൻ ഗ്രോ പരിഗണിക്കാം

∙ വിശ്വസനീയവും വേഗതയേറിയതുമായ പ്ലാറ്റ്‌ഫോം വേണമെങ്കിൽ സീറോദയോ അപ്സ്റ്റോക്കോ എടുക്കാം

∙ കൃത്യമായ ഉപദേശങ്ങളും റിസർച്ച് റിപ്പോർട്ടുകളും വേണമെങ്കിൽ ഏഞ്ചൽ വൺ പരിഗണിക്കാം

∙ 999 രൂപയ്ക്ക് ജീവിതകാലം മുഴുവൻ ഡെലിവറി, ഇൻട്രാഡേ, എഫ്&ഒ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നിവ കിട്ടാൻ എം.സ്റ്റോക് നോക്കാം

ഇവിടെ പറയുന്ന ചാർജുകൾ സൂചകങ്ങൾ മാത്രമാണ്. അതുതന്നെയാണോ നിലവിലുള്ള ചാർജുകൾ എന്ന് ഉറപ്പുവരുത്തി മാത്രം ഡീമാറ്റ് അക്കൗണ്ടു തുറക്കുക. മത്സരം കടുത്തതോടെ പല ബ്രോക്കറേജ് ഹൗസുകളും ചാർജുകളിൽ മാറ്റം വരുത്തുന്നുണ്ട്.

 

ഡീമാറ്റിൽ നിന്ന് പണം ചോരാം

∙ ശ്രദ്ധിച്ചില്ലെങ്കിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടു നേടിയ സമ്പത്ത് നിമിഷംകൊണ്ട് ആവിയാകാം. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തട്ടിപ്പുകാർ പുതിയ വഴികളുമായി എത്തും. അക്കൗണ്ട് സുരക്ഷിതമാക്കേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്.

 

∙ ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിച്ച് ഡീമാറ്റ് അക്കൗണ്ട് ലോഗിൻ ചെയ്താൽ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാം. പാസ്‌വേഡ്, ലോഗിൻ പിൻ എന്നിവ ആർക്കും നൽകരുത്. പാസ്‌വേഡുകൾ ഇടവേളകളിൽ അവ മാറ്റുക.

∙ സ്വന്തം ഫോണിലോ ലാപ്ടോപ്പിലോ മാത്രം ലോഗിൻ ചെയ്യുക. പൊതു വൈഫൈ ഉപയോഗിച്ചാൽ വിവരങ്ങൾ ചോർത്താൻ എളുപ്പമാണ്.

 

∙ ഡിപ്പോസിറ്ററികൾ, ബ്രോക്കർമാർ എന്നിവരുടെ സ്റ്റേറ്റ്‌മെന്റും എസ്എംഎസുകളും നോക്കണം. നിങ്ങൾ ചെയ്യാത്ത ഇടപാടുകൾ ശ്രദ്ധയിൽപെട്ടാൽ ബ്രോക്കറെ/ ഡിപ്പോസിറ്ററിയെ വിവരമറിയിക്കുക.

∙ ബ്രോക്കർക്ക് ‘പവർ ഓഫ് അറ്റോർണി’ (PoA) നൽകുമ്പോൾ അതൊരു ‘ലിമിറ്റഡ് പർപ്പസ് PoA’ ആണെന്ന് ഉറപ്പുവരുത്തുക. ഓഹരികൾ വാങ്ങാനും വിൽക്കാനും ആവശ്യമായ പരിമിത അധികാരമേ നൽകാവൂ.

 

∙ വൻ ലാഭം വാഗ്ദാനം ചെയ്യുന്ന വാട്സാപ്, ടെലിഗ്രാം ലിങ്കുകളിൽ ക്ലിക് ചെയ്യരുത്. ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിക്കുന്നവരോട് വിവരങ്ങൾ പങ്കുവയ്ക്കരുത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ബ്രോക്കറേജ് ഹൗസുകളുടെ ഹെൽപ് ലൈൻ നമ്പറിലോ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിലോ ഉടൻ പരാതിപ്പെടുക.

∙ അസ്വാഭാവികമായ ലോഗിൻ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആപ്പിലെ സെറ്റിങ്സിൽ പോയി അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യുക. യാത്രയിലോ തിരക്കിലോ ആയതിനാൽ കുറച്ചു നാളത്തേക്ക് അക്കൗണ്ട് ഉപയോഗിക്കന്നില്ലെങ്കിൽ താൽക്കാലികമായി ഫ്രീസ് ചെയ്യാൻ ആവശ്യപ്പെടാം.