Headlines

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; അർണബിന് പിന്നാലെ ‘മുരാസു’ എത്തുമോ?

ന്യൂഡൽഹി∙ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തുടർന്ന്, നവംബർ 2ന് വൈകുന്നേരത്തോടെ ആന്ധ്രപ്രദേശ് തീരത്തിന് സമീപം എത്താം.

തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നവംബർ 1 മുതൽ 4 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.