Headlines

‘എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാൻ തീരുമാനിക്കും’: യുഎസിനും ഇസ്രയേലിനും ഖമനയിയുടെ മുന്നറിയിപ്പ്

ടെഹ്റാൻ∙ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. വീണ്ടും ആക്രമണം ഉണ്ടായാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാന്റെ സായുധ സേനയും ജനങ്ങളും തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികൾക്കിടയിലാണ് ഈ മുന്നറിയിപ്പ്.

ഏതു ഭീഷണിയെയും നേരിടാൻ തയാറായിരിക്കണമെന്ന് ഖമനയി സൈനിക മേധാവികൾക്ക് നിർദേശം നൽകി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖമനയിയുടെ പ്രസ്താവന പുറത്തുവന്നത്. ഇറാന്റെ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുതുക്കാനും അദ്ദേഹം നിർദേശിച്ചു. അമേരിക്കൻ ഉപരോധം നീക്കിയാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാമെന്ന് ഇറാൻ നിർദേശിച്ചെന്ന വാർത്തകൾ ഇറാൻ തള്ളി.
ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞത്. എന്നാൽ പുതിയ പ്രസ്താവനകളിൽ, കരാറിനുള്ള സാധ്യത തുറന്നുവയ്ക്കുമ്പോൾ തന്നെ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കാമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ സംയുക്ത ആക്രമണം നടത്തിയതുമുതലാണ് സംഘർഷം ആരംഭിച്ചത്. ഇതോടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടു.