Headlines

മൊസാദും യുഎസും തിരയുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെടാം; വിലാപയാത്രയിലുമില്ല, മുജ്തബ എവിടെ?

 

ടെഹ്റാൻ∙ ഫെബ്രുവരി 28. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനു നേരെ രാവിലെയുണ്ടായ യുഎസ്–ഇസ്രയേൽ‍ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നു. നീണ്ട നാളത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു വധം.

 

ഖമനയിയുടെ മകൾ സഹ്റ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകൻ മുജ്തബ ഖമനയി പിൻഗാമിയായി. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായശേഷം ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശബ്ദ സന്ദേശംപോലുമില്ല. ഓഫിസ് തയാറാക്കി ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന പ്രസ്താവനകൾ മാത്രം. മുജ്തബ എവിടെയാണ്? എന്താണ് പുറത്തുവരാത്തത്?1981 മുതൽ 8 വർഷം ഇറാൻ പ്രസിഡന്റായിരുന്നു ഖമനയി. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നൽകി. ആയത്തുല്ല ഖമയനിയുടെ വിയോഗത്തെ തുടർന്ന് 1989ലാണ് ഖമനയി ഇറാന്റെ പരമോന്നത നേതാവായത്. മകൻ മുജ്തബ പരമോന്നത പദവിയിലേക്ക് എത്തുന്നത് തന്നെ സംഘർഷത്തിന്റെ നാളുകളിലായിരുന്നു. മുജ്തബ പൊതുവേദിയിലെത്താത്തത് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിട്ടാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലും യുഎസും ലക്ഷ്യമിടുന്നതിനാൽ രഹസ്യ കേന്ദ്രത്തിലാണെന്നാണ് മറ്റൊരു വാദം. മുജ്തബ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇസ്രയേൽ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

മുജ്തബയുടെ ശബ്ദ സന്ദേശം പുറത്തുവിടുന്നതുപോലും അപകടമുണ്ടാക്കാം എന്നാണ് ഇറാൻ അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാരണം, മുജ്തബ എവിടെയാണെന്നറിയാൻ യുഎസ്–ഇസ്രയേൽ ചാരസംഘടന വ്യാപക തിരച്ചിലിലാണ്. ഭരണകൂടത്തിൽ ചാരൻമാരുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശ്വസ്തരായ ചുരുക്കം ചില ആളുകൾക്ക് മാത്രമേ മുജ്തബയുടെ താമസസ്ഥലം അറിയാവൂ എന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യദൂതൻമാർ വഴി പലഘട്ടങ്ങളിലായി കൈമാറിയാണ് സന്ദേശങ്ങൾ മുജ്തബയിലെത്തുന്നതെന്ന് പ്രചാരണമുണ്ട്. ഇറാൻ–യുഎസ് ചർച്ചയിലെ കാലതാമസത്തിന് ഈ സന്ദേശരീതിയും ഒരു കാരണമാണത്രേ.ആയത്തുല്ല അലി ഖമനയിക്ക് യാത്രാമൊഴിയുമായി ടെഹ്റാനിൽ ജനലക്ഷങ്ങൾ അണിചേരുമ്പോൾ, മുജ്തബ ഖമനയിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. അന്ത്യോപചാരവുമായി ഇന്നലെ ഖമനയിയുടെ മറ്റു മൂന്ന് ആൺമക്കൾ എത്തി. മക്കളായ മേയ്സം, മസൂദ്, മുസ്തഫ എന്നിവർ ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിൽ ആദരമർപ്പിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ടിവി പുറത്തുവിട്ടിരുന്നു.‘അവരെല്ലാം അവിടെയുണ്ട്. വേണമെങ്കിൽ ഇപ്പോൾ അവരെ ഒറ്റയടിക്ക് ഇല്ലാതാക്കാം. പക്ഷേ ഞങ്ങൾ അതു ചെയ്യില്ല. കാരണം ചർച്ച നടത്താൻ ആരെങ്കിലും വേണമല്ലോ. അവർ കരാറിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ് ’– യുഎസ് മാധ്യമ അഭിമുഖത്തിൽ ട്രംപ് പറഞ്ഞതിങ്ങനെ. ട്രംപ് അടിക്കടി നിലപാട് മാറ്റുന്നതിനാൽ ഏതു നിമിഷവും ഇറാൻ ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. മുജ്തബയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ പങ്കെടുക്കുമോയെന്നും വ്യക്തമല്ല. ഇറാൻ–യുഎസ് സമാധാന കരാർ യാഥാർഥ്യമായി, സമാധാനം പുനഃസ്ഥാപിക്കപ്പെട്ടശേഷമാകാം മുജ്തബ പൊതുവേദിയിലേക്കെത്തുന്നത്.