കണ്ണൂർ ∙ കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ പൊലീസ് നിസാര വകുപ്പ് ചുമത്തി കേസ് എടുത്തതായി ആരോപണം. രണ്ടു ദിവസം മുൻപ് നിസാര വകുപ്പിട്ട് കേസെടുത്ത ശ്രീകണ്ഠാപുരം പൊലീസ് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചെന്നാണ് പരാതി. ഓഗസ്റ്റ് 20 ന് യുവതി വീട്ടിൽ കുളിക്കുമ്പോൾ എസ്എഫ്ഐ നേതാവ് ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ കയറ്റി വിഡിയോ പകർത്തിയത്. എന്നാൽ വെളിച്ചക്കുറവിൽ മൊബൈലിന്റെ ഫ്ലാഷ് തനിയെ ഓണായതോടെ യുവതി ഫോൺ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. തുടർന്ന് മൊബൈലിൽനിന്നും ദൃശ്യങ്ങൾ പ്രതി മായ്ച്ചുകളഞ്ഞു.
അതേസമയം നവനീതിന്റെ മൊബൈലിൽ വേറെയും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. കുടുംബം നൽകിയ പരാതി ശ്രീകണ്ഠാപുരം പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് യുവതി പരാതി നൽകി. ഈ പരാതി മന്ത്രിയുടെ ഓഫിസിൽനിന്നും ഡിജിപിക്കു കൈമാറിയിട്ടുണ്ട്.








