Headlines

സിപിഐക്ക്‌ ലഭിച്ചത് എട്ട്‌ സീറ്റ്; വളർന്നുപോയി എന്നാണോ അവർ കരുതുന്നതെന്ന് സിപിഎം മുഖപത്രം

കോട്ടയം∙ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം – സിപിഐ പോര് പാർട്ടി മുഖപത്രങ്ങളിലും പ്രതിഫലിക്കുന്നു. ഇന്നു പുറത്തിറങ്ങിയ ദേശാഭിമാനിയിലെ എഡിറ്റോറിയൽ പേജിൽ സിപിഎം നേതാവ് സി.എൻ മോഹനൻ എഴുതിയ ‘ഉപനേതൃപദവിയും സിപിഐയും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സിപിഐയുടെ പ്രതിപക്ഷ ഉപനേതാവു മോഹത്തിനെതിരെ നിശിതമായ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു 26 സീറ്റും സിപിഐയ്ക്ക്‌ എട്ട്‌ സീറ്റുമാണ് ലഭിച്ചതെന്നും ഈ പരാജയത്തിൽ സിപിഐ വളർന്നുപോയി എന്നാണോ അവർ അർഥമാക്കുന്നതെന്നും ലേഖനം ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണു വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും ഈ പ്രചാരണത്തിന്റെ താളത്തിനൊത്ത് സിപിഐ തുള്ളുകയാണെന്നും പാർട്ടി മുഖപത്രത്തിലെ ലേഖനം ആരോപിക്കുന്നു. 1980 ൽ എൽഡിഎഫ്‌ രൂപംകൊണ്ടതിനുശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മിൽനിന്നാണ്. ഈ പതിവിനു വിപരീതമായിട്ടാണ് ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് ഇപ്പോൾ സിപിഐ ആവശ്യപ്പെടുന്നത്.

ഉപനേതാവ് സ്ഥാനം പുതുതായി രൂപംകൊണ്ട ഒരു പദവിയല്ലെന്നും ഈ സ്ഥാനം ചോദിക്കാൻ എന്ത് ന്യായമാണ് സിപിഐക്ക് ഉള്ളത്. സിപിഎമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്കു തങ്ങൾ വളരുകയാണെന്ന് സിപിഐ കരുതുന്നുണ്ടോ എന്നും ലേഖനത്തിലൂടെ സി. എൻ. മോഹനൻ ചോദിക്കുന്നു. ഈച്ചരവാരിയരുടെ മകൻ രാജൻ മർദനങ്ങൾക്കു വിധേയനായി കൊല്ലപ്പെട്ടത് ബഹുമാന്യനായ സഖാവ് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന ആരോപണം ഉയർത്തിയാണ് പാർട്ടി മുഖപത്രത്തിലെ ലേഖനം അവസാനിക്കുന്നത്.