കഠ്മണ്ഡു∙ മിന്നൽ പ്രളയത്തിൽ കാണാതായവരുടെ എണ്ണം വർധിച്ചതോടെ വിദേശ സഹായം വേണ്ടെന്ന മുൻ നിലപാട് മാറ്റി നേപ്പാൾ. രക്ഷാപ്രവർത്തനത്തിനുവേണ്ട വൈദഗ്ധ്യം തങ്ങൾക്കുണ്ടെന്നാണ് നേപ്പാൾ ഇന്നലെ വരെ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായ അഭ്യർഥനകൾ നേപ്പാൾ നിരസിച്ചെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. 2015 ലെ ഭൂകമ്പത്തിൽ വിദേശ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ നേപ്പാൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഏകോപനത്തിൽ വീഴ്ച സംഭവിച്ചതും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഈ മുൻ അനുഭവം വിദേശ സഹായം നിരസിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇന്ത്യയുടെ ശക്തമായ ഇടപെടലിലാണു വിദേശ സഹായം വേണ്ടെന്ന മുൻനിലപാട് മാറ്റാൻ നേപ്പാൾ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളിലേക്കു പോയ 300 ഓളം പൗരൻമാരെ കുറിച്ച് വിവരമില്ലെന്നും അവരെ രക്ഷപ്പെടുത്തുക എന്നതിനാണ് മുൻഗണനയെന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരസ്യ പ്രസ്താവന നടത്തിയിരുന്നു. നേപ്പാൾ സർക്കാർ അനുവദിച്ചാൽ എൻഡിആർഎഫ് സംഘത്തെ ഉടൻ അയയ്ക്കുമെന്നും ഇന്ത്യ പരസ്യമായി പ്രഖ്യാപിച്ചു. ഇത് രാജ്യാന്തര തലത്തിൽ നേപ്പാൾ സർക്കാരിനു മേൽ കടുത്ത സമ്മർദമാണ് ചെലുത്തിയത്. ഇതേതുടർന്നാണ് മുൻ തീരുമാനം നേപ്പാൾ പിൻവലിച്ചത.്
“വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ പ്രത്യേക, സാങ്കേതിക മേഖലകളിൽ നേപ്പാളിന് വിദേശ സഹായം ആവശ്യമാണ്, എന്നാൽ രക്ഷാ പ്രവർത്തനങ്ങൾക്കു വിദേശ സഹായം ആവശ്യമില്ല,” വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ റോയിട്ടേഴ്‌സിനോട് പറഞ്ഞത് ഇപ്രകാരമാണ്. പരിമിതമായ തോതിൽ മാത്രമാണ് വിദേശ സഹായം സ്വീകരിക്കുന്നതെന്നാണ് നേപ്പാൾ ഇതിലൂടെ വ്യക്തമാക്കുന്നത്. തുരങ്കത്തിലടക്കം രക്ഷാപ്രവർത്തനം നടത്തുന്നതിനു മികച്ച വൈദഗ്ധ്യമുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് ഇന്ത്യ ആദ്യ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ ഡിഎൻഎ, ഫൊറൻസിക് മേഖലയിലെ വിദഗ്ധരെയും നേപ്പാൾ വിദേശരാജ്യങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്.
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 550 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 2000 പേരെ കാണാതായിട്ടുമുണ്ട്. നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 1,924 പേരെയാണ് കാണാതായത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം കാണാതായ വിദേശികളിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. നേപ്പാൾ പുറത്തുവിട്ട കണക്കിൽ 288 ഇന്ത്യക്കാരെയാണ് കാണാതായത്.









