എല്ലായിടത്തും തിരഞ്ഞു! ഇന്ത്യയുമായുള്ള അതിർത്തി രേഖകൾ കാണാനില്ലെന്ന് അയൽരാജ്യം

കഠ്മണ്ഡു ∙ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികൾ അടങ്ങിയ രേഖകൾ കണ്ടെത്താനാവാതെ നേപ്പാൾ. എഴുതിവച്ച ഔദ്യോഗിക ഉടമ്പടിയുടെ യഥാർഥ രേഖകൾ കണ്ടെത്താനാണ് നേപ്പാൾ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഔദ്യോഗിക ഉടമ്പടി രേഖകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നേപ്പാൾ പാർലമെന്റിൽ പറഞ്ഞു.
1816 ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാൾ രാജാവുമായി ഉടമ്പടി ഒപ്പുവച്ചത്. ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ ഉടമ്പടി. ഉടമ്പടി പ്രകാരമാണ് നേപ്പാളിന്റെ പടിഞ്ഞാറും കിഴക്കും ഉള്ള ഭാഗങ്ങൾ ബ്രിട്ടിഷ് ഇന്ത്യയോട് ചേർത്തത്. എന്നാൽ 1950 ൽ സ്വതന്ത്ര ഇന്ത്യയുമായി നേപ്പാൾ സമാധാന-സൗഹൃദ ഉടമ്പടി ഒപ്പുവച്ചു. അതിർത്തി തർക്കങ്ങൾ വർധിച്ചതോടെയാണ് മുൻ ഉടമ്പടി രേഖകൾക്കുവേണ്ടി നേപ്പാൾ ഭരണകൂടം തിരച്ചിൽ ആരംഭിച്ചത്.
ആർക്കൈവുകൾ, ലൈബ്രറികൾ, മ്യൂസിയങ്ങൾ, പ്രസക്തമായ സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ ദിവസങ്ങൾ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും 1816, 1950 എന്നീ വർഷങ്ങളിൽ ഒപ്പുവച്ച ഉടമ്പടി രേഖകൾ കണ്ടെത്താനായില്ല.അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായിരുന്നു. നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളെ ചൊല്ലിയാണ് പ്രധാന തർക്കം.