Headlines

രക്ഷകരായെത്തി മൃതദേഹത്തിലെ ആഭരണം കവർന്നു; നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ– വിഡിയോ

കഠ്മണ്ഡു∙ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയവർ മൃതദേഹങ്ങളിൽനിന്നു സ്വർണാഭരണങ്ങൾ കവരുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു. നേപ്പാളിലെ നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹത്തിൽനിന്നുമാണു രണ്ട് യുവാക്കൾ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. സ്ത്രീയുടെ കാതുകളിൽനിന്നു സ്വർണ കമ്മലുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി നേപ്പാൾ പൊലീസ് അറിയിച്ചു. കമ്മലുകൾ യുവാക്കൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരെ കസ്റ്റഡിയിൽ എടുത്തശേഷമുള്ള വിഡിയോയും നേപ്പാൾ പൊലീസ് പുറത്തുവിട്ടു.
മിന്നൽ പ്രളയത്തിൽ ഇരയായ സ്ത്രീയുടെ ആഭരണങ്ങൾ കവർന്ന മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെയാണ് നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്. പൊഖാറ ബസ് പാർക്കിനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.