കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മറ്റന്നാൾ തിരുവനന്തപുരത്ത് ചർച്ച നടക്കും. ഈ മാസം 16ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക. ജീവനക്കാരുടെ ശമ്പള കുടിശ്ശികയും, സെറ്റിൽമെന്റിനുമായാണ് ചർച്ച.
ടാൽറോപ് ശമ്പളം കൊടുക്കാതെ പൂട്ടാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെ കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന ഗുരുതര ആരോപണം കൂടി ഉന്നയിക്കുകയാണ് നിക്ഷേപകർ. നിക്ഷേപം നടത്തിയ പലർക്കും പണം തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകരുടെ പ്രതിനിധി പറയുന്നു. കള്ളപ്പണ ഇടപാട് അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്കും എൻഐയ്ക്കും നിക്ഷേപകർ പരാതി നൽകും. കേരളത്തിൽ സിലിക്കൺ വാലി കൊണ്ടുവരുമെന്നും ഐടി മേഖലയിലും ഡിജിറ്റൽ രംഗത്തും വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും വാഗ്ദാനം ചെയ്താണ് ടാൽറോപ് രംഗത്ത് വന്നത്. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് പിന്നിൽ നടന്നത് കോടികളുടെ നിക്ഷേപ തട്ടിപ്പ് ആണെന്നാണ് ആരോപണം.കമ്പനിയെ കുറിച്ചുള്ള വിശദവിവരങ്ങളും നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചു എന്നും ആരോപണമുണ്ട്.എഐയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ മാത്രമുള്ള വലിയ പ്രൊജക്ടുകൾ ഒന്നും കമ്പനിയിൽ ചെയ്യുന്നില്ല എന്ന് തൊഴിലാളികൾ ആവർത്തിച്ചു പറയുന്നു. പലർക്കും മാസങ്ങൾ പണിയെടുത്തതിൻറെ ശമ്പളം ഇനിയും കൊടുത്തു തീർത്തിട്ടില്ല. ആറുമാസം കൊണ്ട് നൂറിലധികം എഐ ഇന്റഗ്രേറ്റഡ് വില്ലേജ് പാർക്കുകൾ സ്ഥാപിക്കുമെന്നും അതുവഴി 2000 ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാനാകുമെന്നും കമ്പനി പറയുന്നു. പക്ഷേ അത് തട്ടിപ്പിന്റെ അടുത്തഘട്ടമാണ് എന്നാണ് ജീവനക്കാരും നിക്ഷേപകരും പറയുന്നത്.







