Headlines

‘11 മാസമായി ശമ്പളമില്ല, പലപ്പോഴും യാചിക്കേണ്ടി വന്നു’; ടാൽറോപ് ജീവനക്കാർ, പരാതിയുമായി നിക്ഷേപകരും

 

കൊച്ചി ∙ മാസങ്ങൾ മുടങ്ങിയ ശമ്പളം ലഭിക്കാൻ ടാൽറോപ് കമ്പനിയിൽ പലപ്പോഴും യാചിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാർ. ലേബർ കോടതിയിൽ പോകാൻ പോലും തങ്ങളുടെ പക്കൽ പണമില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും ജീവനക്കാർ വ്യക്തമാക്കി. മാസങ്ങളോളം ശമ്പളവും കുടിശികയും ലഭിക്കാതിരിക്കുകയും കഴിഞ്ഞ ദിവസം കമ്പനി അടച്ചുപൂട്ടുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മുന്നൂറോളം വരുന്ന ജീവനക്കാർ വഴിയാധാരമാവുകയും ചെയ്തു. അതിനിടെ, കമ്പനി ഒട്ടറെ നിക്ഷേപകരേയും കബളിപ്പിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

 

തനിക്ക് കമ്പനി 11 മാസത്തെ ശമ്പളം തരാനുണ്ടെന്നാണ് ഡവലപർ ആയി ജോലി ചെയ്ത അഭിനന്ദ് പറയുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഭിനന്ദും മറ്റൊരു ജീവനക്കാരനായിരുന്ന ഷിഫാസും. കമ്പനി അവകാശപ്പെടുന്നതുപോലെ എഐ ഒന്നും ഡവപല് ചെയ്തെടുത്തിട്ടില്ലെന്നും ഇവർ ആരോപിച്ചു. അടുത്തിടെ, തങ്ങൾ എഐ വന്നതു മൂലം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ടാൽറോപ് അടച്ചുപൂട്ടുകയാണെന്നും കമ്പനിയുടെ നടത്തിപ്പുകാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശമ്പളം പോലും തരാതെ തങ്ങളെ വഞ്ചിക്കുകയാണ് കമ്പനി ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും യാചിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ഒരു ‘പ്രിയോറിറ്റി’ ലിസ്റ്റ് ഉണ്ടാക്കി അവർക്ക് താൽപര്യമുള്ള കുറച്ചു പേർക്ക് പണം കൊടുക്കും. ടാൽറോപ് കമ്പനിയിലാണ് ചേർന്നതെങ്കിലും പിന്നീട് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതായി പറഞ്ഞു. അത് തങ്ങൾ ഇടക്കിടെ സ്ഥാപനം മാറുന്നു എന്നു കാണിക്കാനും ലേബർ വകുപ്പിന്റെ അടുത്ത് കേസ് നിൽക്കാതിരിക്കാനും കമ്പനി മനഃപൂർവം ചെയ്യുന്നതാണെന്നും ഇവർ ആരോപിച്ചു.അതിനിടെ, കമ്പനിയിൽ നിക്ഷേപം നടത്തിയവരും വഞ്ചിക്കപ്പെട്ടുവെന്ന് നിക്ഷേപകരുടെ പ്രതിനിധി എന്ന് അവകാശപ്പെട്ട യുട്യൂബർ അനന്തു സുൽജിത്തും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നേരായ മാർഗത്തിൽ പണം നിക്ഷേപിച്ചവരും കള്ളപ്പണം നിക്ഷേപിച്ചവരുമുണ്ട്. നിക്ഷേപകരായ നൂറുകണക്കിനു പേർക്കാണ് പണം നഷ്ടമായത്. ഇത്തരത്തിൽ 15 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. കമ്പനിയുടെയും ഉടമസ്ഥരുടെയും പണമിടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ, ഇ.ഡി തുടങ്ങിയവര്‍ക്ക് പരാതി നൽകുമെന്നും അനന്തു പറഞ്ഞു. തനിക്ക് 50 ലക്ഷം നഷ്ടമായെന്ന പരാതിയുമായി ചാലക്കുടി സ്വദേശി ജോയി അരിക്കാട്ട് രംഗത്തെത്തി. ഇതു സംബന്ധിച്ച് ആളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവർ തങ്ങളെ വിളിപ്പിച്ച് മൊഴിയെടുക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ആളൂര്‍ പൊലീസും പറഞ്ഞു.

 

2024ൽ തൃശൂരിൽ നടന്ന കൂട്ടായ്മയിലാണ് താനും വിേദശത്തുള്ള മകളും മരുമകനും ടാൽറോപ് കമ്പനിയുടെ വാഗ്ദാനത്തെ കുറിച്ച് അറിയുന്നതെന്ന് ചാലക്കുടി സ്വദേശി പറഞ്ഞു. ഒരു ബ്ലോക്കിൽ ഒരു കെട്ടിടം എന്ന നിലയിൽ ഐടി പാർക്ക് പോലെ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. തുടർന്ന് ആളൂരിലെ 30 സെന്റ് സ്ഥലം കാണിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടു. തുടർന്ന് 80 ലക്ഷം രൂപ മുടക്കി 6,000 ചതുരശ്ര അടി കെട്ടിടം പണിയാൻ കരാറായി. ഇതിൽ പൈസ നമ്മൾ കൊടുക്കണം, നിർമാണം അവർ നടത്തും. എന്നാൽ ഒരു വർഷം കൊണ്ട് കെട്ടിടം നിർമിച്ചതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല. 50 ലക്ഷം രൂപയും ഇതിനിടയിൽ ഇവർ കൈപ്പറ്റി. തുടക്കത്തിൽ കെട്ടിടത്തിന് എത്ര രൂപയാണോ ചിലവായത് അതിന് ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപ കണക്കിൽ തരും. നിർമാണം പൂർത്തിയായി പ്രവർത്തനം ആരംഭിക്കുമ്പോൾ സ്ഥലത്തിന്റെ മൂല്യം എത്രയാണോ അതിനും ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപ നൽകും എന്നായിരുന്നു കരാർ. മൂന്നു മാസത്തോളം ഇത്തരത്തിൽ പണം കിട്ടി. എന്നാൽ പിന്നീട് വിവരമൊന്നുമില്ല. അങ്ങനെയാണ് പരാതി നൽകിയത് എന്ന് ചാലക്കുടി സ്വദേശി ആരോപിച്ചു.