Headlines

നെന്മാറ ഇരട്ടക്കൊല; ചെന്താമര കുറ്റക്കാരനെന്നു കോടതി; റഷ്യയുടെ ‘പറക്കുന്ന കമാൻഡ് പോസ്റ്റ്’ ഇറാനിലേക്ക് – പ്രധാന വാർത്തകൾ

 

നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി വ്യക്തമാക്കിയതും റഷ്യ അത്യാധുനികമായ ‘ഡൂംസ്ഡേ’ വിമാനം ഇറാനിലേക്ക് അയച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഗോവധ നിരോധനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ചെയ്തതും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക ഇറാൻ മാധ്യമം പ്രസിദ്ധീകരിച്ചതും വാർത്തയായി. ആർ.സുഗതന് വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…

 

നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമര (59) കുറ്റക്കാരനെന്നു കോടതി. ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.അത്യാധുനികമായ ‘ഡൂംസ്ഡേ’ വിമാനം ഇറാനിലേക്ക് അയച്ച് റഷ്യ. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും സങ്കീർണമായ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക നീക്കം.

 

തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ.സുഗതന് വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി.

 

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ മാധ്യമം. അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നേതാക്കളാണ് ‘ഹംഷഹരി’ പത്രം പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്.