Headlines

പാലക്കാട് അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം LDFന് നഷ്ടമായി; യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി

 

പാലക്കാട് അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന് നഷ്ടമായി.

യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. ഉദുമ ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പാസായതോടെ പ്രസിഡന്റും പുറത്തായി.

 

 

21 അംഗങ്ങളുള്ള അഗളി പഞ്ചായത്തിൽ 10 യുഡിഎഫ് മെമ്പർമാരും 9 എൽഡിഎഫ് മെമ്പർമാരും രണ്ട് ബിജെപി മെമ്പർമാരും ആണ് ഉള്ളത്. നേരത്തെ ഒരാൾ യുഡിഎഫിൽ നിന്നും കൂറുമാറിയതിനെ തുടർന്ന് എൽഡിഎഫിന് ഭരണം ലഭിക്കുകയും വൈസ് പ്രസിഡൻ്റ് സ്ഥാനം കിട്ടുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് ദിവസമാണ് ആ ഭരണസമിതി നിലനിന്നിരുന്നത്. കൂറുമാറിയ മഞ്ജു യുഡിഎഫിലേക്ക് തിരിച്ചുവരികയും എൽഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തിരുന്നു. തുടർന്ന് ആറുമാസം കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരികയും പാസാവുകയും ചെയ്തു. ഇന്നത്തെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് വിട്ടുനിൽക്കുകയും രണ്ട് ബിജെപി മെമ്പർമാർ യുഡിഎഫിന് വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെ വൈസ് പ്രസിഡണ്ട് സ്ഥാനം യുഡിഎഫിന് കിട്ടി.

 

യുഡിഎഫും ബിജെപിയും ഒത്തുകളിയാണ് ഈ പഞ്ചായത്തിൽ നടത്തിവരുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നുമാണ് എൽഡിഎഫ് പറയുന്നത്. അതേസമയം, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകൾക്ക് പാസായി. നേരത്തെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ആണ് എൽഡിഎഫിലേക്ക് പി വി രാജേന്ദ്രൻ പ്രസിഡന്റ് ആയത്.