മാഞ്ഞൂ രക്ഷാകരങ്ങൾ; ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; ഒടുവിൽ രാജേഷ് യാത്രയായി

 

ചെറുപുഴ (കണ്ണൂർ) ∙ ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷിന്റെ ഓർമ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്. വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.

 

അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിങ് പരിശീലകനായും പ്രവർത്തിച്ചു. 2 വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്‌ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.