ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ്; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ: മധ്യസ്ഥതയ്ക്ക് വീണ്ടും ഖത്തറും പാക്കിസ്ഥാനും

 

വാഷിങ്ടൻ/ ടെഹ്റാൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇതോടെ എണ്ണ വിലയിൽ സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാൻകാരുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്.’–സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു.അതേസമയം, ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്ക് ഇറാൻ–ഒമാൻ ചർച്ച തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘയി പറഞ്ഞു. ഒമാനുമായി ധാരണയായാൽ ഹോർമുസ് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവയ്ക്കുന്ന ഒമാൻ പദ്ധതി നേരത്തേ ഇറാൻ തള്ളിയിരുന്നു.പശ്ചിമേഷ്യയിലെ സമാധാനത്തിനായി മധ്യസ്ഥരായ ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ചർച്ചയ്ക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാൻ ഇസ്‌ലാമാബാദിലേക്കു ക്ഷണിച്ചു. ഇറാന്റെ അതിർത്തികൾ സംരക്ഷിക്കണമെന്നല്ലാതെ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.നേരത്തെ ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്ത് മിസൈൽ ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിച്ച് എൻജിനീയറെ കാണാതായി. ലൈബീരിയയുടെ പതാകയുള്ള ‘മിനൻ പയനിയർ’ എന്ന കപ്പലിനുനേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. എൻജിൻറൂമിൽ വൻ തീപിടിത്തമുണ്ടായെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യെമനിലെ ഹൂതികൾ സൗദിയിലെ നജ്റാൻ വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തി. നാശമില്ലെന്ന് സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോ അറിയിച്ചു.