ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച പുലർച്ചെ വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കണ്ണൂരിലെ ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപകനാശം. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപകമായ തോതിൽ കൃഷിനാശവുമുണ്ടായി.
മരങ്ങൾ വീണ് ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി. ലൈനിലെ വൈദ്യുതി തൂണുകൾ കുണ്ടംതടത്തും, പാടിയോട്ടുചാൽ സെക്ഷനിലെ അരവഞ്ചാലിൽ എ.ബി സ്വിച്ച് ഉൾെപ്പടെ സ്ഥാപിച്ചിട്ടുള്ള ഡബിൾ പോൾ സ്ട്രക്ച്ചറും തകർന്നുവീണതോടെ മലയോരം ഇരുട്ടിലായി. നിരവധി സ്ഥലങ്ങളിൽ എൽ.റ്റി ലൈനിലും മരം വീണ് തൂണുകൾ തകർന്നു.
ചെറുപുഴ പഞ്ചായത്തിലെ കരോക്കാട്, കുണ്ടംതടം, കുളത്തുവായി, എയ്യൻകല്ല്, പ്രാപ്പൊയിൽ, തിരുമേനി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾക്കും കൃഷികൾക്കും കനത്ത നാശമുണ്ടായി. എയ്യൻ കല്ലിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന വയലിൽ വിശ്വനാഥന്റെ 400 ഓളം നേന്ത്രവാഴ, മരച്ചീനി, ചേന തുടങ്ങിയ വിളകൾ നശിച്ചു. കുളത്തുവായിലെ എ. ബാലകൃഷ്ണന്റെ പശുതൊഴുത്ത് കനത്ത കാറ്റിൽ നിലംപൊത്തി. ചെറുപുഴ ടൗണിൽ കരോക്കാട് ഭാഗത്തു മരം കാറിനു മുകളിലേക്കു ഒടിഞ്ഞുവീണു കേടുപാടുകൾ സംഭവിച്ചു. പ്രാപ്പൊയിലിലെ വി.വി. യശോദയുടെ വീടിനു മുകളിൽ മരം ഒടിഞ്ഞു വീണു. മരം പൊട്ടി റോഡിൽ വീണതിനാൽ മിക്കയിടത്തും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.