പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനന്‍. മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയാണ് ടി ഐ മധുസൂദനന്‍ പരാതി നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് തുടര്‍ച്ചയായി വ്യക്തിഹത്യ നടത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് ആരോപണം. പയ്യന്നൂര്‍ പൊലീസില്‍ ആണ് പരാതി നല്‍കിയത്. (TI Madhusoodanan files complaint against V Kunhikrishnan)
നാട്ടില്‍ കലാപമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് മധുസൂദനന്റെ ആരോപണം. സ്പര്‍ധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കന്ന രീതിയാണ് ഇതെന്നും വിമര്‍ശനമുണ്ട്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച ആളുടെ വീടിന് നേരെ ആക്രമണമുണ്ടായതും വ്യാപകമായി ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടതും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതും സിപിഐഎം ചെയ്യുന്നതാണെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ടി ഐ മധുസൂദനന് ജനപിന്തുണ കുറയുന്നതിനാലാണ് പരാജയഭീതിയില്‍ ഈ ആക്രമണമെല്ലാം നടത്തുന്നതെന്നായിരുന്നു ആരോപണം.രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണത്തിന്റെ മുനയും നീണ്ടത് ടി ഐ മധുസൂദനന് നേരെയായിരുന്നു. പുസ്തക പ്രകാശനവും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കലും പയ്യന്നൂരിലെ സ്ഥാനാര്‍ഥിത്വവുമെല്ലാം ഇതിന് പിന്നാലെയായിരുന്നു. ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവച്ച് ആക്രമിക്കാനാണ് വി കുഞ്ഞികൃഷ്ണന്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണൂര്‍ സിപിഐഎമ്മിന്റെ ആരോപണം.








