ഒമിക്രോണ്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക:വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതി ദൗര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു.

ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തി. രാജ്യത്തെ മികച്ച ശാസ്ത്രസാങ്കേതികവിദ്യയെ പ്രശംസിക്കുകയാണ് വേണ്ടതെന്നും, ശിക്ഷിക്കുകയല്ലയെന്നും പ്രസ്താവനയില്‍ പറയുന്നു. അതിമാരകമായ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. മറ്റ് രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടും അവരോടുള്ള സമീപനവും തങ്ങളോടുള്ള സമീപനവും വ്യത്യസ്തമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.