ഒമിക്രോൺ പിടിമുറുക്കുന്നു; കൂടുതൽ രാജ്യങ്ങളിൽ രോ​ഗം സ്ഥിരീകരിച്ചു: വിവിധ രാജ്യങ്ങളിൽ യാത്രാനിയന്ത്രണം

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിക്കുന്നു. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോ​ഗം സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മൂന്ന് പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിൻറെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നുള്ളവർക്ക കൂടുതൽ രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തി.

അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാൻ, ബ്രസീൽ, കാനഡ, തായ്‌ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്‌സർലൻഡ്, ശ്രീലങ്ക, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേർപ്പെടുത്തി. ഇസ്രായേൽ അതിർത്തികൾ അടച്ചു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ഏഴോളം ആ​ഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ജി.സി.സി രാജ്യങ്ങൾ വിലക്കേർപ്പെടുത്തി.

അതേസമയം ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്‌ക്’ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക, ചൈന, ബോട്‌സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്‌ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.

ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.